പിലിഭിത്ത്: ലോക്സഭാ സ്ഥാനാർഥി നിർണയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം അവഗണിച്ചെങ്കിലും പിലിഭിത്തില്‍ വിമതനായി മത്സരിക്കാൻ താനില്ലെന്ന് വരുണ്‍ ഗാന്ധി വ്യക്തമാക്കി.
നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ വരുണ്‍ ഡല്‍ഹിയിലായിരുന്നു. വരുണ്‍ വിമതനായി മത്സരിക്കുമെന്ന റിപ്പോർട്ട് അദ്ദേഹത്തിന്‍റെ വിശ്വസ്തൻ തള്ളി. ഏപ്രില്‍ 19ന് ഒന്നാംഘട്ടത്തിലാണ് പിലിഭിത്തില്‍ വോട്ടെടുപ്പ്.
മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി വിവേചനമില്ലാതെയാണു താൻ പ്രവർത്തിച്ചതെന്നായിരുന്നു സ്ഥാനാർഥിത്വം നിഷേധിച്ചതിനു ശേഷമുള്ള വരുണിന്‍റെ ആദ്യ പ്രതികരണം. തഴയപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും വരുണ്‍ പറഞ്ഞു. അതേസമയം, ബിജെപി സ്ഥാനാർഥി ജിതിൻ പ്രസാദ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. പിലിഭിത്തിലെ അസംബ്ലി മണ്ഡലങ്ങളില്‍ നിന്നുള്ള നാലു ബിജെപി എംഎല്‍എമാർക്കൊപ്പമെത്തിയാണ് ജിതിൻ പ്രസാദ നാമനിർദേശ പത്രിക സമർപ്പിച്ചത്.
രാവിലെ നഗരത്തിലെ പ്രശസ്തമായ യശ്വന്തിനി ദേവീക്ഷേത്രത്തില്‍ അദ്ദേഹം ദർശനം നടത്തി. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരില്‍ പിഡബ്ല്യുഡി മന്ത്രിയാണു ജിതിൻ പ്രസാദ. 1989നുശേഷം ഇതാദ്യമാണ് മത്സരരംഗത്ത് മേനക ഗാന്ധിയോ വരുണ്‍ ഗാന്ധിയോ ഇല്ലാതെ പിലിഭിത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിരന്തരം വിമർശിച്ചതിനെത്തുടർന്നാണ് വരുണിന് ഇത്തവണ സീറ്റ് നഷ്ടമായത്. അമ്മ മേനകയെ സുല്‍ത്താൻപുരില്‍ നിലനിർത്തിയിട്ടുണ്ട്. ഇതിനിടെ, നെഹ്റു കുടുംബത്തിന്‍റെ തട്ടകമായ റായ്ബറേലിയില്‍ വരുണിനെ പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്
ബി ജെ പി യിലെ ഗാന്ധി കുടുംബാംഗത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് യു പി യിലെ രാഷ്ട്രീയ നിരീക്ഷകർ.