ആലപ്പുഴ : സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഐ.എസ്.ആർ.ഒ. പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ പറയുന്നു. ഇതിൽ 90,000 കിലോമീറ്റർ കേരളം, തമിഴ്‌നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട-കൊങ്കൺ പ്രദേശങ്ങളിലാണ്.
രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളിൽ കേരളം ആറാം സ്ഥാനത്തുണ്ട്. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിൽ.
ഉയർന്ന ജനസാന്ദ്രതയുള്ളതിനാൽ ഉരുൾപൊട്ടൽ കാരണമുണ്ടാകുന്ന മരണനിരക്ക് കേരളത്തിൽ കൂടുതലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടൽ കൂടുതലാണെങ്കിലും ജനസാന്ദ്രത കുറവായതിനാൽ മരണനിരക്കു കുറവാണ്.