Breaking News

മഴയ്ക്കൊപ്പം ഡെങ്കിപ്പനി കേസുകളിലും വൻവർധന, കൂടുതൽ രോ​ഗികൾ എറണാകുളത്ത്

Spread the love

കൊച്ചി: മഴയെത്തിയതോടെ ഡെങ്കിപ്പനി കേസുകളിലും വൻ വർധന. ജൂണിൽ 2152 ഡെങ്കിപ്പനി കേസുകളും നാല് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് രോഗബാധിതർ കൂടുതൽ. 601 കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സംശയിക്കുന്ന 672 കേസുകളുമുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിൽ 302 ഡെങ്കിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സംശയിക്കുന്ന 797 കേസുകളുമുണ്ട്.

തൃക്കാക്കര സ്വദേശിനിയായ 43-കാരി 19-ന് ഡെങ്കിപ്പനിമൂലം മരണപ്പെട്ടിരുന്നു. മേയിൽ 215 ഡെങ്കിപ്പനി കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

കൊതുകിന്റെ പ്രജനനത്തിന് അനുയോജ്യമായ രീതിയിൽ കൃത്യമായ ഇടവേളകളിൽ മഴ ലഭിച്ചതാണ് ഡെങ്കിപ്പനി കൂടാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

അതേസമയം ഡെങ്കിപ്പനി സ്ഥിരമായി റിപ്പോർട്ട് ചെയ്യാറുള്ള പ്രദേശങ്ങളിൽ മഴക്കാലം മുന്നിൽക്കണ്ട് കൊതുകിന്റെ ഉറവിട നശീകരണം, മാലിന്യ സംസ്കരണം എന്നിവ കാര്യക്ഷമമായി നടപ്പാക്കിയില്ലെന്ന് ആക്ഷേപമുണ്ട്. കളമശ്ശേരി, എടത്തല, തൃക്കാക്കര, കോതമംഗലം, ആലുവ, തൃപ്പൂണിത്തുറ, വരാപ്പുഴ അടക്കമുള്ള പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.

You cannot copy content of this page