ജറുസലേം: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ചൊവ്വാഴ്ചയാണ് സൈന്യം വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ പിന്തുടർച്ചക്കാരനായിരുന്നു ഹാഷിം സഫീദി. മൂന്നാഴ്ചകൾക്കുമുമ്പ് ലെബനനിലെ ബെയ്റൂതിലെ ആക്രമണത്തിലാണ് സഫീദിയെ കൊലപ്പെടുത്തിയത്. ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗൺസിലിന്റെ തലവനായിരുന്നു സഫീദി. 2017-ൽ സഫീദിയെ തീവ്രവാദിയായി യു.എസ് പ്രഖ്യാപിച്ചിരുന്നു.
ലെബനിലെ വടക്കൻ ബെയ്റൂത് പ്രദേശത്തുവെച്ചാണ് ഇസ്രയേൽ സൈന്യം സഫീദിയെ വധിച്ചത്. സഫീദിയോടൊപ്പം ഹിസ്ബുള്ളയുടെ കമാൻഡർമാരിൽ കുറച്ചുപേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇസ്രയേലിന്റെ ഈ അവകാശവാദത്തിൽ ഹിസ്ബുള്ള പ്രതികരണ പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
സഫീദിയുടെ പേരു പരാമര്‍ശിക്കാതെ, ‘സൈന്യം വധിച്ചു’ എന്നായിരുന്നു നെതന്യാഹു ഒക്ടോബര്‍ എട്ടിന് പറഞ്ഞത്.
ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയെയും അയാളുടെ പകരക്കാരുൾപ്പെടെ ആയിരക്കണക്കിന് ഭീകരരെയും വധിച്ചുകഴിഞ്ഞുവെന്നാണ് ലെബനനിലെ ജനങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിക്കവേ നെതന്യാഹു പറഞ്ഞത്.
ഹിസ്ബുള്ളയുടെ പ്രധാന ഇന്റലിജൻസ് തലസ്ഥാനമായ വടക്കൻ ബെയ്റൂത് പ്രദേശത്തേക്ക് ചൊവ്വാഴ്ചയാണ് ഇസ്രയേൽ വ്യോമസേന പെട്ടെന്നുള്ള ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോൾ ഇരുപത്തിയഞ്ചിലധികം ഹിസ്ബുള്ള പ്രവർത്തകരായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയതിനുശേഷം സഫീദി ഹിസ്ബുള്ളയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.