Breaking News

‘ഭയമില്ല, സത്യമാണ് ആയുധം’: സഭയില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍, ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍

Spread the love

ന്യൂഡല്‍ഹി: പരമശിവന്റെ ചിത്രം ലോക്‌സഭയില്‍ ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ​ഗാന്ധി. പ്രതിപക്ഷം ആരേയും ഭയക്കുന്നില്ലെന്നും സത്യമാണ് തങ്ങളുടെ ആയുധമെന്നും പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ചിത്രം ഉയർത്തിയത്. ‘ശിവന്റെ ചിത്രത്തിലേക്ക് നോക്കിയാൽ നിങ്ങൾക്കറിയാം, ഹിന്ദുക്കൾക്ക് ഭയമോ വിദ്വേഷമോ പ്രചരിപ്പിക്കാൻ ആവില്ലെന്നത്. എന്നാൽ ബിജെപി മുഴുവൻ സമയവും വിദ്വേഷം പ്രചരിപ്പിക്കുകയാണ്’, ചിത്രം ഉയർത്തി രാഹുൽ പറഞ്ഞു.

ഇതിനിടെ സ്പീക്കര്‍ ഓം ബിര്‍ള രാഹുലിനെ തടഞ്ഞു. പ്ലകാർഡുകൾ ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ രാഹുലിനെ അറിയിച്ചു. എന്നാൽ, തന്റെ സന്ദേശം നിര്‍ഭയത്വത്തെയും അഹിംസയെയും കുറിച്ചാണെന്ന് രാഹുല്‍ വ്യക്തമാക്കി. സമാനമായ ആശയം ഉന്നയിക്കാന്‍ ബുദ്ധ,ജൈന, സിഖ്, ഇസ്ലാം മതങ്ങളെ കുറിച്ചും രാഹുല്‍ പറഞ്ഞു.

കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിക്കുന്നതായിരുന്നു പ്രതിപക്ഷനേതാവെന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ കന്നിപ്രസംഗം. രാഹുലിന്റെ പ്രസംഗത്തില്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്ന് രാഹുല്‍ ആരോപിച്ചു. ഹിന്ദു മതം അക്രമ രാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പ്രധാനമന്ത്രി മോദി വിഷയത്തില്‍ ഇടപെട്ടു. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നതാണ് പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു സമൂഹമാകെ അക്രമാസക്തരെന്നാണ് രാഹുല്‍ പറഞ്ഞതെന്ന് മോദി ആരോപിച്ചു. ഇതോടെ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യവുമായി അമിത് ഷായും രംഗത്തെത്തി. ഇതിനിടെയായിരുന്നു പരമശിവന്റെ ചിത്രം രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയത്.

You cannot copy content of this page