കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ വിധി ഇന്ന്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറയുക. പ്രതി പി പി ദിവ്യ, സാക്ഷികളായ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തൻ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവരുടെ ഫോൺ കോൾ രേഖകൾ ശേഖരിച്ച് സൂക്ഷിക്കണം. കണ്ണൂർ കളക്ടറേറ്റ് റെയിൽവേ സ്റ്റേഷൻ പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കാനും നിർദ്ദേശം നൽകണമെന്നാണ് കുടുംബം നൽകിയ ഹർജിയിലെ ആവശ്യം.
എന്നാൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പേരിന് മാത്രമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളെന്നും നവീൻ ബാബുവിന്റെ ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്നും ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഡിസംബര്‍ ആറിന് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.സംബര്‍ 9ന് കേസില്‍ വിശദവാദം കോടതി കേള്‍ക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു.സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ സര്‍ക്കാറിനോടും സിബിഐയോടും നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. എന്നാൽ സിബിഐ അന്വേഷണംവേണമെന്ന കുടുംബത്തിന്റെ ആവശ്യം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തള്ളിയിരുന്നു.