സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡ്രൈവിങ് പഠിപ്പിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ കെ.എസ്.ആര്‍.ടി.സി ഡ്രെെവിങ് സ്കൂളിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചത്.
കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെ ഇളവ് നല്‍കിയിട്ടുണ്ട്. ഹെവി ഡ്രൈവിങ് പരിശീലനത്തിനു സ്വകാര്യ സ്ഥാപനങ്ങള്‍ 15,000 രൂപ ഈടാക്കുന്നുണ്ട്. കാര്‍ ഡ്രൈവിങ്ങിന് 12,000 മുതല്‍ 14,000 വരെയാണ് നിരക്ക്. ഇരുചക്രവാഹനങ്ങള്‍ക്ക് 6000 രൂപ ഫീസ് വാങ്ങുന്നുണ്ട്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സംബന്ധിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം.