ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും. റായ്ബറേലി നിലനിര്‍ത്തുമെന്നാണ് വിവരം. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്നായിരുന്നു കേരളത്തിലെ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യം ഉത്തര്‍പ്രദേശ് പിസിസിയും ഉയര്‍ത്തി.
മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹം ഉണ്ട്. എന്നാല്‍ അതിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വം. രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാള്‍ ജനവിധി തേടിയേക്കും.മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു.
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന നിര്‍ദേശവും പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തി. മുതിര്‍ന്ന നേതാവെന്ന നിലയില്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് നേതാക്കളുടെ അഭിപ്രായം. പ്രതിപക്ഷ സ്ഥാനത്തിരുന്നുകൊണ്ട് പാര്‍ലമെന്റില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്താന്‍ രാഹുലിന് കഴിയും. അന്തിമ തീരുമാനം കൈകൊള്ളേണ്ടത് പാര്‍ട്ടിയാണെന്നും നേതാക്കള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്ന് പോയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിലയിരുത്തല്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച ചില സംസ്ഥാനങ്ങളിലെ തോല്‍വി പരിശോധിക്കും. മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ തിരിച്ചടികള്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി.