Breaking News

ഡോ. വന്ദന ദാസ് കൊലക്കേസ്; സന്ദീപിനെ കേസിൽ നിന്ന് ഒഴിവാക്കില്ല; പ്രതിയുടെ വിടുതൽ ഹർജി തള്ളി കോടതി

Spread the love

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറ സ്വദേശിനി ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൃത്യമായ സമയത്തു പരിചരണം നൽകാൻ ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും കഴിഞ്ഞില്ലെന്നും അതുകൊണ്ടാണു മരണമെന്നുമാണ് വിടുതൽ ഹർജിയിൽ. കേസിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് തള്ളിയത്. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു.

മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.

You cannot copy content of this page