Breaking News

‘എക്സാലോജിക് ആരോപണം ഞെട്ടിക്കുന്നത്,അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം’; വി ഡി സതീശൻ

Spread the love

കൊച്ചി: എക്സാലോജിക് ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങൾ ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സാധാരണ മൗനത്തിൻ്റെ മാളങ്ങളിൽ ഒളിക്കുകയാണ് പതിവ്. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹം മറുപടി പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഒരു കേസിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. മാസപ്പടി കേസിൽ അന്വേഷണം കൃത്യമായി നടന്നില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും.

വിവാദ കമ്പനികളിൽ നിന്നും എക്സാലോജിക്കിൻ്റെ ആരോപിക്കപ്പെട്ട അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. അത്തരത്തിൽ അക്കൗണ്ട് ഉണ്ടാവുകയും പണം വരികയും ചെയ്തിട്ടുണ്ടെങ്കിൽ ഗുരുതരമായ കാര്യമാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. ആരോപണം തെറ്റെങ്കിൽ ഉന്നയിച്ചവർക്കെതിരെ മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി പ്രതികരിച്ചില്ലെങ്കിൽ ആരോപണം ശരിയാണെന്ന് വരുമെന്നും വി ഡി സതീശൻ പറഞ്ഞു. മഴക്കാല പൂർവ്വ പ്രവർത്തനങ്ങൾ നടന്നില്ലെന്നായിരുന്നു വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ് നേരത്തെ ആരോപിച്ചിരുന്നു. എക്സാലോജിക് കൺസൽട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. എസ്എൻസി ലാവ്‌ലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പിഡബ്ല്യുസി) കമ്പനികളിൽ നിന്ന് വൻ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഷോൺ ജോർജ്ജ് ആരോപിച്ചു. തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്ഐഒയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഷോൺ വ്യക്തമാക്കിയിരുന്നു.

ഒരു ഇന്ത്യൻ പൗരൻ വിദേശത്തു അക്കൗണ്ട് തുടങ്ങിയാൽ ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യണം. വീണയുടെ ഇൻകം ടാക്സ് റിട്ടേൺസിൽ ഇത് കാണിച്ചിട്ടില്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യമാണെന്നും പിഡബ്ല്യുസി ഇടപാടും മസാല ബോണ്ടും അന്വേഷിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. അബുദാബി കൊമേഴ്സ് ബാങ്കിൽ എക്സാലോജിക്കിന് അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ്ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിലൂടെ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്. ഈ ഇടപാടുകൾ കരിമണൽ കടത്തും മാസപ്പടിയുമായി ബന്ധപ്പെട്ടതാണോയെന്ന് സംശയമുണ്ട്. ‌സംശയ നിഴലിലുള്ള കമ്പനികളിൽ നിന്നാണ് പണം വന്നത്. വീണ വിജയന്റെയും എം സുനീഷ് എന്നൊരാളുടെയും പേരിൽ ഉള്ളതാണ് അക്കൗണ്ട്. ലാവലിൻ, പിഡബ്ല്യുസി എന്നിവ സംശയത്തിലുള്ള കമ്പനികളാണ്. സിഎംആർഎല്ലിൽ നടന്ന ഇടപാടുകളും കണ്ടെത്തണമെന്നാണ് ഷോൺ ജോർജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്.

You cannot copy content of this page