Breaking News

മഴക്കെടുതിയില്‍ മധ്യകേരളം; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറ‌ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവർഷക്കാറ്റിന്‍റെ സ്വാധീനമുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂൺ 1 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ഇടനാടുകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കണം. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദേശമുണ്ട്.

മഴക്കെടുതിയില്‍ മധ്യകേരളം

മഴയുടെ തീവ്രത കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ മഴക്കെടുതികൾ ഒഴിയുന്നില്ല. വെള്ളത്തിൽ മുങ്ങിയ കളമശേരിയിൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. മൂന്നു മണിക്കൂർ നിന്ന് പെയ്ത മഴയിൽ നിന്ന് കൊച്ചി കരകയറി വരുന്നതേയുള്ളൂ. ലഘുമേഘവിസ്പോടനത്തിൽ മുങ്ങിയ കളമശേരിയിൽ വെള്ളം ഇറങ്ങി. ആകെ മുങ്ങിയ മൂലേപ്പാടമാണ് തിരിച്ചു വരാൻ പാട് പെടുന്നത്. വെള്ളം ഇരച്ച് എത്തുകയായിരുന്നു. കിട്ടിയ സാധനങ്ങൾ വീടിന്‍റെ മുകളിലത്തെ നിലയിൽ എത്തിച്ചു. ബാക്കി എല്ലാം നശിച്ചു. കാറും ബൈക്കുമെല്ലാം കെട്ടിവലിച്ചുകൊണ്ടുപോവുകയായിരുന്നു.

You cannot copy content of this page