Breaking News

അരൂർ-തൂറവൂർ ഉയരപ്പാത അപകടം; അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി ദേശീയപാത അതോറിറ്റി

Spread the love

അരൂർ-തൂറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ അടിയന്തര സുരക്ഷ ഓഡിറ്റിങ്ങിന് ദേശീയപാത അതോറിറ്റി. റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ഓഡിറ്റിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണത്തിൽ IRC മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തൽ. ഇതോടെയാണ് സുപ്രധാന ഓഡിറ്റിനുള്ള നിർദേശം ദേശീയ പാത അതോറിറ്റി നൽകിയത്. ചട്ടങ്ങൾ പാലിക്കാതെയാണ് നിർമാണമെങ്കിൽ കരാർ കമ്പനിയായ അശോക ബിൽഡ് കോണിനെ കരിമ്പട്ടികയിൽപ്പെടുത്തി ഒഴിവാക്കും. ഇന്നും നാളെയുമായിട്ടായിരിക്കും ഓഡിറ്റിങ് നടക്കുക.

അരൂർ മുതൽ തുറവൂർ വരെ 13 കിലോമീറ്റർ ദൂരത്തിലാണ് ഉയരപ്പാത. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരപ്പതയാണ് നിർമാണത്തിലിരിക്കുന്നത്. നിർമാണം തുടങ്ങി രണ്ട് വർഷം പിന്നിടുമ്പോൾ രാജേഷിന്റേത് ഉൾപ്പടെ മരണകണക്ക് 43 ആണ്. തീരെ സുരക്ഷയില്ലാതെ നടത്തുന്ന നിർമ്മാണത്തിനെതിരെ നാട്ടുകാരും കോടതിയും വരെ ഇടപെട്ടെങ്കിലും ദേശീയപാതാ അതോറിറ്റിയും നിർമ്മാണ കമ്പനിയും കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നില്ല.

കഴിഞ്ഞ ദിവസമായിരുന്നു ഹരിപ്പാട് സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് അപകടത്തിൽപ്പെട്ട് മരിച്ചത്. ഗർഡറുകൾ ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ നിലം പതിക്കുകയായിരുന്നു. ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോയ രാജേഷിന്റെ പിക്ക് അപ്പ് വാനിന് മുകളിലേക്കാണ് 100 ടൺ വീതം ഭാരമുള്ള ഗർഡറുകൾ വീണത്. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. ഡ്രൈവർ ക്യാബിൻ വെട്ടിപൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.

ഹൈഡ്രോളിക് ജാക്കിന്റെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് കരാർ കമ്പനി അശോക ബിൽഡ് കോണിന്റെ വിശദീകരണം.കരാർ കമ്പനിക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

You cannot copy content of this page