അമ്രേലി: കുടുംബ പ്രശ്നം പരിഹരിക്കാനെത്തിയ 60കാരനെ ഭാര്യയുടെ സഹോദരങ്ങൾ വെട്ടിക്കൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ദിനേശ് സോളങ്കിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് ഒരു മാസം മുമ്പ് തർക്കത്തെ തുടർന്ന് വീടുവിട്ടുപോയ സോളങ്കി മരുമകൾ മനീഷയെ സന്ദർശിക്കാൻ വാഡിയ താലൂക്കിലെ അർജൻസുഖ് ഗ്രാമത്തിലുള്ള വീട്ടിലെത്തിയത്. 35 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയതായിരുന്നു മൂന്ന് ആൺമക്കളുടെ പിതാവായ സോളങ്കി.
പ്രശ്നത്തിന് മധ്യസ്ഥത വഹിക്കാനായി സോളങ്കിയുടെ ഭാര്യാ സഹോദരന്മാരായ കാഞ്ചി സവാലിയ, ഹക്കു സവാലിയ, നാണു, ബാഗ, ജാദവ് എന്നിവരും സംഭവസ്ഥലത്തെത്തി. ഇവരെകൂടാതെ മൂന്ന് പേരുകൂടി സംഘത്തിലുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് ഇരച്ചുകയറിയ സംഘത്തിലെ ബാഗ എന്നയാൾ ലോഹ പൈപ്പ് ഉപയോഗിച്ച് സോളങ്കിയുടെ തലയിൽ അടിച്ചു. തുടർന്ന് അദ്ദേഹം കുഴഞ്ഞുവീണു. കാഞ്ചിയും ഹക്കുവും പുറത്ത് കാവൽ നിന്നപ്പോൾ, ജാദവും മറ്റ് അജ്ഞാതരായ അക്രമികളും ചേർന്ന് സോളങ്കിയെ പിടിച്ചുനിർത്തി മഴു ഉപയോഗിച്ച് അദ്ദേഹത്തിൻ്റെ കാലുകൾ വെട്ടിമാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോളങ്കിയെ ആദ്യം അമ്രേലി സിവിൽ ആശുപത്രിയിലേക്കും പിന്നീട് രാജ്കോട്ട് സിവിൽ ആശുപത്രിയിലേക്കും കൊണ്ടുപോയി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
