കൊച്ചി: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറിയിൽ ഒരു നിർമ്മാതാവിൻ്റെ പ്രതിനിധിയെപ്പോലും ഉൾപ്പെടുത്താത്തതിൽ ശക്തമായ പ്രതിഷേധവുമായി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (KFCC) രംഗത്ത്. നിർമ്മാതാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഫിലിം ചേംബർ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഔദ്യോഗികമായി കത്തുനൽകി.
മാധ്യമ വാർത്തകളിലൂടെയാണ് അവാർഡ് നിർണയ സമിതിയെ നിയമിച്ച വിവരം അറിഞ്ഞതെന്നും, നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നുള്ള ആരെയും ഉൾപ്പെടുത്താത്തത് അത്യന്തം പ്രതിഷേധാർഹമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ചേംബർ അധികൃതർ മന്ത്രിയെ സമീപിച്ചിരിക്കുന്നത്. നിലവിൽ പ്രഖ്യാപിച്ച അന്തിമ ജൂറിയിൽ ഒരാളെയെങ്കിലും നിർമ്മാതാക്കളുടെ പ്രതിനിധിയായി ഉൾപ്പെടുത്തണമെന്നാണ് അവരുടെ പ്രധാന ആവശ്യം.
ചലച്ചിത്ര അക്കാദമി നിയമിച്ച 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ അധ്യക്ഷൻ (ജൂറി ചെയർമാൻ) പ്രമുഖ നടനും സംവിധായകനുമായ പ്രകാശ് രാജ് ആണ്. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയുടെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർപേഴ്സൺമാർ.
ഭാഗ്യലക്ഷ്മി (ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവും), ഗായത്രി അശോകൻ (പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവും), നിതിൻ ലൂക്കോസ് (സൗണ്ട് ഡിസൈനറും സംവിധായകനും), സന്തോഷ് ഏച്ചിക്കാനം (എഴുത്തുകാരനും തിരക്കഥാകൃത്തും) എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങൾ.
ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ്, സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഒരാൾപോലും ജൂറിയിൽ ഇല്ലാത്തത് വലിയ കുറവാണെന്ന് ചൂണ്ടിക്കാട്ടി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ്, ജനറൽ സെക്രട്ടറി സോണി തോമസ് ജോൺ എന്നിവർ അറിയിച്ചതനുസരിച്ച് കത്തിൻ്റെ പകർപ്പ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും കൈമാറിയിട്ടുണ്ട്.
