ഗസ്സ സിറ്റിയിൽ നിന്ന് ലക്ഷങ്ങൾ പലായനം നടത്തികൊണ്ടിരിക്കെ ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് വക്താവ് അടക്കം എൺപതോളം പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവും പലസ്തീൻ തീവ്രവാദ ഗ്രൂപ്പിന്റെ ഉന്നത കമാൻഡറുമായ അബു ഒബൈദയാണ് കൊല്ലപ്പെട്ടത്.
യുദ്ധ മേഖലയായി പ്രഖ്യാപിച്ച ഗസ്സ സിറ്റിയിൽ ഇസ്രയേൽ പുതിയ സൈനിക ആക്രമണത്തിന്റെ പ്രാരംഭ ഘട്ടം ആരംഭിച്ച വെള്ളിയാഴ്ചയാണ് ഒബൈദ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇസ്രയേലിന്റെ അവകാശവാദം ഹമാസ് സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇസ്രയേൽ മിക്കവാറും എല്ലാ ഉന്നത കമാൻഡർമാരെയും ഇല്ലാതാക്കിയതോടെ ഗസ്സയിൽ ഹമാസിന്റെ അവശേഷിക്കുന്ന അവസാന കമാൻഡർമാരിൽ ഒരാളാണ് അദ്ദേഹം.
ഗസ്സ സിറ്റി പൂർണമായും പിടിച്ചെടുക്കാനാണ് ഇസ്രയേൽ സൈന്യം ശ്രമിക്കുന്നത്. പലസ്തീൻ രാജ്യം ഇല്ലാതാക്കൻ വെസ്റ്റ്ബാങ്ക് പിടിക്കാനും ഇസ്രയേൽ സേന നീക്കം നടത്തുന്നുണ്ട്. ഗസ്സ സിറ്റിയിലുള്ള 10 ലക്ഷത്തോളം ആളുകൾ പലയിടങ്ങളിലേക്കായി പലായനം ചെയ്യുകയാണ്. ഞായറാഴ്ച രാവിലെ വ്യോമാക്രമണത്തിലും വെപ്പിലുമായി 11 പേർ കൂടി മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ ഏഴ് പേർ സഹായ സാമഗ്രികൾ എത്തിക്കാൻ ശ്രമിച്ച സാധാരണക്കാരാണെന്നാണ് സ്ഥിരീകരണം.
