തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍, പരാതിക്കാരനായ എഎച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. മാധ്യമങ്ങളില്‍ വന്ന ഓഡിയോ, അടക്കമുള്ള വിവരങ്ങള്‍ പൊലീസിന് നല്‍കി.
ഇത് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചതായി എ.എച്ച് ഹഫീസ് പറഞ്ഞു.
ബിഎൻഎസ് നിയമപ്രകാരം കേസെടുക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എ.എച്ച് ഹഫീസ് പറഞ്ഞു. പ്രഥമ വിവര റിപ്പോർട്ട് എന്ന നിലയില്‍ തന്നെയാണ് മൊഴി രേഖപ്പെടുത്തിയതെന്നും കേസെടുക്കുമോ എന്ന കാര്യം അറിയില്ലെന്നും എ.എച്ച് ഹഫീസ് വ്യക്തമാക്കി. വധഭീഷണി നടത്തുകയും ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഹഫീസ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സ്പീക്കർക്കും എഎച്ച് ഹഫീസ് പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന് വന്നിട്ടുള്ള സദാചാരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് നിയമസഭയുടെ എത്തിക്സ് കമ്മറ്റിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പരാതി.നിയമനടപടികള്‍ കൈകൊണ്ട് നാട്ടിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
