കൊല്ലം: കൊല്ലം ജില്ലയിലെ നിലമേലിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. അതുവഴി കടന്നുപോവുകയായിരുന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ മന്ത്രി തന്റെ വാഹനം നിർത്തി, പരിക്കേറ്റവരെ സഹായിക്കാനായി ഓടിയെത്തി.
അപകടത്തിൽ ഒമ്പത് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ ഏർപ്പാടാക്കി. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലൻസുകളിലുമായി പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. കൂടാതെ, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് മന്ത്രി നിർദേശം നൽകുകയും ചെയ്തു.
