Breaking News

ഡോക്ടറെ സസ്പെൻഡ് ചെയ്തത് ഉചിതമായ നടപടി’; വിരലിന് പകരം നാവിന് ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടിയുടെ കുടുംബം

Spread the love

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ആറാം വിരൽ നീക്കാനെത്തിയ കുട്ടിയ്ക്ക് നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയെ സ്വാ​ഗതം ചെയ്ത് കുട്ടിയുടെ കുടുംബം. ഡോക്ടറെ സസ്പെൻഡ് ചെയ്തതും ഡോക്ടർക്കെതിരെ കേസെടുത്തതും ഉചിതമായ നടപടിയാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. തങ്ങളുടെ കുട്ടിയുടെ അനുഭവം ഇനി ആർക്കും ഉണ്ടാകരുത്. ഡോക്ടർ തന്നെ അബദ്ധം സംഭവിച്ചത് തുറന്ന് സമ്മതിച്ചിട്ടും ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ ഡോക്ടറെ ന്യായീകരിക്കുന്നത് എന്തിനെന്ന് തങ്ങൾക്ക് മനസിലാകുന്നില്ലെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു. കുട്ടിയുടെ സംസാരശേഷിയ്ക്ക് ഭാവിയിൽ കുഴപ്പം വരാതിരിക്കാനാണ് നാവിൽ ശസ്ത്രക്രിയ ചെയ്തതെന്നും ഇത് കുടുംബത്തെ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നുമായിരുന്നു ഇന്നലെ സംഘടന പ്രതികരിച്ചിരുന്നത്. എന്നാൽ തെറ്റ് ഡോക്ടർ തന്നെ തങ്ങളോട് ഏറ്റുപറഞ്ഞെന്നാണ് കുട്ടിയുടെ കുടുംബം പറഞ്ഞിരിക്കുന്നത്.

കുറഞ്ഞ സമയത്തെ ഇടവേളക്കിടയിൽ കുട്ടി രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയമായെന്ന് കുട്ടിയുടെ വീട്ടുകാർ പറയുന്നു. വായിൽ രക്തവും പഞ്ഞിയും കണ്ടാണ് നാവിന് ശസ്ത്രക്രിയ നടത്തിയത് തിരിച്ചറിഞ്ഞത്. തെറ്റുപറ്റിയത് ഡോക്ടർ ആദ്യം തിരിച്ചറിയാത്തത് കൊണ്ടാണ് ഗുരുതര വീഴ്ച പുറത്തറിഞ്ഞത്. വിരലിനാണ് ശസ്ത്രക്രിയ എന്ന് ഉടൻ തിരിച്ചറിഞ്ഞിരുന്നങ്കിൽ കുട്ടിയെ വേഗത്തിൽ പുറത്ത് വിടില്ലായിരുന്നു. വിരലിൻ്റെ ശസ്ത്രക്രിയ കൂടി കഴിഞ്ഞേ വാർഡിലേക്ക് മാറ്റുമായിരുന്നുള്ളൂ. നാവിൻ്റെ ശസ്ത്രക്രിയ ആളുമാറി ചെയ്തതാകാനാണ് സാധ്യത. പേരിൽ സാദൃശ്യമുള്ള മറ്റൊരു കുട്ടിയും ശസ്ത്രക്രിയയ്ക്ക് എത്തിയിരുന്നുവെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.

You cannot copy content of this page