മകൾ ആത്മഹത്യ കുറിപ്പിൽ എഴുതിയ കാര്യങ്ങളെല്ലാം സത്യമാണ്. അമ്മയുടെ വാക്ക് കേട്ടാണ് കമൽരാജ് എല്ലാം ചെയ്യുന്നത്. കമൽരാജിന്റെ വീട്ടിൽ റീമയ്ക്ക് ഒരു സ്ഥാനവും നൽകിയിരുന്നില്ല. മാത്രമല്ല അവൾ പറയുന്നത് കേൾക്കാൻ പോലും ഭർത്താവ് തയ്യാറായിരുന്നില്ലെന്നും മോഹനൻ പറഞ്ഞു.
അവർക്ക് കിട്ടാവുന്നതിൽ വലിയ ശിക്ഷ നൽകണം. ഗാർഹിക പീഡനത്തിനോ ആത്മഹത്യാ പ്രേരണ കുറ്റത്തിനോ പൊലീസ് വകുപ്പുകൾ ചേർത്തിട്ടില്ല പൊലീസ് അന്വേഷണം കൃത്യമല്ലെന്നും തൃപ്തി ഇല്ലെന്നും അച്ഛൻ വ്യക്തമാക്കി.
എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു. മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ പറ്റിയില്ല. മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നത്. തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവർക്കൊപ്പമാണെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.
ശനിയാഴ്ച അർധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റീമയെത്തിയ സ്കൂട്ടറിന്റെ നമ്പർ പരിശോധിച്ചാണ് ആളെ മനസ്സിലാക്കിയത്. വീടിന്റെ മുകൾനിലയിലായിരുന്ന മാതാപിതാക്കൾ റീമ സ്കൂട്ടറുമായി പോകുന്നത് അറിഞ്ഞില്ല. രാവിലെ അടുത്ത ബന്ധു ഫോണിൽ വിളിച്ചപ്പോഴാണു വിവരമറിഞ്ഞത്. മാതാപിതാക്കൾ താഴെ എത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു. പിന്നീടു പൊലീസെത്തി പരിശോധിച്ചപ്പോൾ ആത്മഹത്യക്കുറിപ്പും ഫോണും കണ്ടെത്തുകയായിരുന്നു. റീമ ഭർതൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. രാത്രി പന്ത്രണ്ടരയോടെ മകൻ കൃശിവ് രാജിനെയും എടുത്ത് സ്കൂട്ടറിറിൽ റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.