Breaking News

ഹേമചന്ദ്രൻ കൊലപാതകം; പ്രതി നൗഷാദ് ബെംഗളൂരിൽ വിമാനം ഇറങ്ങി

Spread the love

ബത്തേരി ഹേമചന്ദ്രൻ കൊലപാതകത്തിലെ മുഖ്യ പ്രതി നൗഷാദ് ബെംഗളൂരിൽ വിമാനം ഇറങ്ങി. ഇൻഡിഗോ വിമാനത്തിലാണ് നൗഷാദ് എത്തിയത്. നിലവിൽ എമിഗ്രേഷൻ കസ്റ്റഡിയിൽ തുടരുകയാണ് പ്രതി. കേസ് അന്വേഷിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് ബെംഗളൂരിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. പൊലീസ് എത്തിയാൽ ഉടൻ തന്നെ നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങും.

നൗഷാദ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു ആദ്യം വിവരം ലഭിച്ചിരുന്നത്. പിന്നീടാണ് ബെംഗളൂരിലേക്ക് പ്രതി എത്തുമെന്ന കാര്യം അറിയുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ, ബി.എസ്. അജേഷ് ,വൈശാഖ് എന്നിവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത് നൗഷാദിൻ്റെ നിർദേശ പ്രകാരമാണ് ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടതെന്നാണ്. എന്നാൽ ഹേമചന്ദ്രൻ എങ്ങനെ കൊല്ലപ്പെട്ടു എന്ന കാര്യം ഇവർക്ക് അറിയില്ല. അത് അറിയണമെങ്കിൽ നൗഷാദിനെ പൊലീസ് ചോദ്യം ചെയ്യണം.

ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നാണ് നൗഷാദ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.എന്നാൽ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ മർദ്ദനമേറ്റ് ശ്വാസം മുട്ടിയാണ് മരണം എന്നാണ് കണ്ടെത്തൽ. നൗഷാദിനെ ചോദ്യം ചെയ്തശേഷമാകും നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക. കേസിൽ രണ്ട് സ്ത്രീകൾ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കേസിൽ ഇവരുടെ പങ്ക് എന്താണെന്നുള്ളതും നൗഷാദിൽ നിന്ന് ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഹേമചന്ദ്രൻ്റെ ഡിഎൻഎ പരിശോധനാഫലം ഉടൻ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പരിശോധനാ ഫലം ലഭിച്ചശേഷം മാത്രമെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകൂ.

You cannot copy content of this page