Breaking News

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി: എം വി ഗോവിന്ദന്‍

Spread the love

കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യം പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരുത്തേണ്ടവയുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകും. വര്‍ഗീയ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന അടിയുറച്ച രാഷ്ട്രീയ നിലപാടാണ് എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ചത്. ഒരു പരാജയത്തില്‍ ഒതുങ്ങുന്നതല്ല ഈ പോരാട്ടമെന്നും എം വി ഗോവിന്ദന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ‘യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ട് ദൂരവ്യാപക പ്രത്യാഘാതം’ എന്ന തലക്കെട്ടിലാണ് ലേഖനം.

 

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ജമാ അത്തെ-യുഡിഎഫ് ധാരണയുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോലും വിജയിച്ചത് ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയാണ്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ് എന്ന് പറയുന്ന രാഹുല്‍ ഗാന്ധി പോലും വിജയിച്ചത് മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇന്ത്യന്‍ പതിപ്പിന്റെ വോട്ട് വാങ്ങിയാണ്. ഇത് ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് ഉണ്ടാക്കുന്ന പരിക്ക് ചെറുതല്ലെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

 

നിലമ്പൂരില്‍ വലിയ തോതില്‍ ബിജെപി വോട്ടും എസ്ഡിപിഐ വോട്ടുകളും യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫ് തുടര്‍ഭരണത്തിന് ഇനി സാധ്യതയില്ലെന്ന വിലയിരുത്തലിന് വസ്തുതകളുമായി ബന്ധമില്ല. ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. ഭരണവിരുദ്ധ ആഖ്യാനം സൃഷ്ടിക്കാന്‍ കേരളങ്ങള്‍ നീക്കിവെച്ച മാധ്യമങ്ങളുടെ റിപ്പോര്‍ട്ടും മുഖപ്രസംഗവും വായിച്ചാല്‍ ഭരണവിരുദ്ധ വികാരം എന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചീട്ടുകൊട്ടാരമാണെന്ന് വ്യക്തമാകും എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മാതൃഭൂമി, മലയാള മനോരമ, ന്യൂ ഇന്ത്യന്‍എക്‌സ്പ്രസ് ദിനപത്രങ്ങളുടെ എഡിറ്റോറിയല്‍ ചൂണ്ടികാട്ടിയാണ് വിമര്‍ശനം.

You cannot copy content of this page