Breaking News

‘2047ൽ ഇസ്ലാമിക ഭരണഘടന, ജുഡീഷ്യറിയിലും സായുധസേനകളിലും സ്വാധീനം’; പിഎഫ്ഐയുടെ പദ്ധതിവിവരങ്ങൾ ലഭിച്ചെന്ന് എൻഐഎ

Spread the love

കൊച്ചി: അപായപ്പെടുത്താൻ പദ്ധതിയിട്ടവരുടെ ഹിറ്റ്ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ചും എൻഐഎ കോടതിയെ അറിയിച്ചു. എസ്ഡിപിഐയെ നിർണായക ശക്തിയാക്കി, ജുഡീഷ്യറിയിലും സൈന്യത്തിലും പൊലീസിലുമെല്ലാം സ്വാധീനമുണ്ടാക്കി, 2047 -ാടെ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുകയാണ് പിഎഫ്ഐ പദ്ധതി എന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എൻഐഎ അന്വേഷണസംഘം കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. എസ്ഡിപിഐയെ മുസ്ലിം സമുദായത്തെ മൊത്തത്തിൽ നിയന്ത്രിക്കാൻ കഴിയുന്നത്ര നിർണായക ശക്തിയായി മാറ്റണം എന്നതാണ് സംഘടനയുടെ ഒരു ലക്ഷ്യമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സംഘടനയുടെ പ്രവർത്തനം എങ്ങനെയായിരുന്നുവെന്നും എൻഐഎ പറയുന്നുണ്ട്. റിപ്പോർട്ടേഴ്സ് വിങ്, ആംസ് ട്രെയിനിങ് വിങ്, സർവീസ് വിങ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് പ്രവർത്തനം. വളരെ രഹസ്യമായാണ് റിപ്പോർട്ടേഴ്‌സ് വിങ് പ്രവർത്തിക്കുക. അപായപ്പെടുത്തേണ്ടവരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കുന്നതും ഇവരാണ്. കൃത്യമായ ഇടവേളകളിൽ ഈ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തിരുന്നു. ഹിറ്റ്ലിസ്റ്റിൽ ഉള്ളവരെ അക്രമിക്കാനായി പരിശീലനം നൽകുക എന്നതാണ് ആംസ് ട്രെയിനിങ് വിങ്ങിന്റെ ചുമതല. സർവീസ് വിങിനെയാണ് ലിസ്റ്റിലുള്ളവരെ അപായപ്പെടുത്താൻ ചുമതലപ്പെടുത്തിയിരുന്നത്. സമൂഹത്തിൽ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു പിഎഫ്ഐ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയിരുന്നത് എന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നുണ്ട്.

 

കഴിഞ്ഞ ദിവസം എൻഐഎ കോടതിയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലെ പിഎഫ്ഐയുടെ ഹിറ്റ്ലിസ്റ്റ് വിവരങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരാണുണ്ടായിരുന്നത്. ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതിയായ സിറാജുദ്ദിന്റെ പക്കൽ നിന്ന് 240 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. ആലുവ പെരിയാർ വാലിയിലെ പിഎഫ്ഐ ഓഫീസിൽ നിന്ന് അഞ്ചുപേരുടെ പട്ടികയും എൻഐഎയ്ക്ക് ലഭിച്ചു. ഇതിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണ്. കേസിലെ 69-ാം പ്രതിയായ അയൂബിന്റെ വീട്ടിൽ നിന്ന് 500 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. മറ്റൊരു പ്രതിയുടെ പക്കൽ നിന്ന് 230 പേരുടെ പട്ടിക ലഭിച്ചതായും എൻഐഎ പറഞ്ഞിരുന്നു.

 

പിഎഫ്ഐ അന്വേഷിക്കുന്ന കേസിലെ നാല് പ്രതികൾ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. പിഎഫ്ഐയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് കേരളത്തിൽ എൻഐഎ അന്വേഷിക്കുന്നത്. പാലക്കാട് ശ്രീനിവാസൻ വധക്കേസും, ഒരു റെയ്ഡുമായി ബന്ധപ്പെട്ട കേസുകളുമാണവ. ഈ രണ്ട് കേസുകളും എൻഐഎ ഒരുമിച്ചാണ് അന്വേഷിക്കുന്നത്.

You cannot copy content of this page