സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ പരക്കെ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അഞ്ചു ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ടാണ്.
കനത്ത മഴയിലും കാറ്റിലും വിവിധ ഇടങ്ങളില്‍ വീടുകള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു. എറണാകുളം കാക്കനാട് ഉഗ്ര ശബ്ദത്തോടെ സംരക്ഷണഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയിലായി. തിരുവനന്തപുരത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് റോഡിലേക്ക് വീണ് ഒഴിവായത് വന്‍ ദുരന്തമാണ്.
ഇന്ന് പുലര്‍ച്ചെ 4.30 നാണ് കാക്കനാട് കുഴിക്കാല ജംഗ്ഷനില്‍ അപകടമുണ്ടായത്. ഉഗ്ര ശബ്ദത്തോടെ സംരക്ഷണഭിത്തി തകര്‍ന്ന് കാര്‍ പോര്‍ച്ചുള്‍പ്പടെ കെട്ടിടത്തിന് പൊട്ടല്‍ വീഴുകയായിരുന്നു. കാക്കനാട് കുഴിക്കാല സ്വദേശിയായ സാജു ജോസഫിന്റെ വീടാണ് അപകടാവസ്ഥയിലായത്. ശക്തമായ മഴപെയ്താല്‍ വീട് നിലം പൊത്താവുന്ന സ്ഥിതിയിലാണ് ഇപ്പോള്‍.
തിരുവനന്തപുരം പെരുമാതുറയിലാണ് വീടിന്റെ മേല്‍പ്പുര തകര്‍ന്ന് റോഡിലേക്ക് വീണത്. തിരക്കേറിയ തീരദേശ പാതയിലാണ് ശക്തമായ കാറ്റില്‍ മേല്‍ക്കൂര നിലം പതിച്ചത്. അപകട സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകാഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി. പെരുമാതുറ സ്വദേശി സീന റഷീദിന്റെ വീടിന്റ റൂഫ് ഷീറ്റാണ് തകര്‍ന്ന് റോഡില്‍ വീണത്. അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരത്തിനു ശേഷമാണ് മേല്‍ക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.