Breaking News

ഹൃദയം കൊണ്ട് സംസാരിക്കുകയും ലാളിത്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത നേതാവ്; ഇ കെ നായനാർ ഓർമ്മയായിട്ട് 21 വർഷം

Spread the love

മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 21 വർഷം. രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾ ഹൃദയത്തിലേറ്റിയ നേതാവായിരുന്നു ഇ കെ നായനാർ. ഭരണരംഗത്തും സംഘടനാ രംഗത്തും നായനാർ സ്വീകരിച്ച നിലപാടുകൾ മാതൃകാപരമായിരുന്നു.

ഹൃദയം കൊണ്ട് സംസാരിക്കുകയും ലാളിത്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത നേതാവായിരുന്നു ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ. സാധാരണക്കാരോട് അവരിൽ ഒരാളെന്നപോലുള്ള സ്‌നേഹത്തോടെയുള്ള ഇടപെടൽ. വിപ്ലവ സമരങ്ങളിലെ മുന്നണിപ്പോരാളിയായി രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയ നായനാർ ഭരണപാടവം കൊണ്ടും ജനങ്ങളോടുള്ള അടുപ്പം കൊണ്ടുമാണ് ഹൃദയങ്ങൾ കീഴടക്കിയത്.

പ്രസാദാത്മകതയായിരുന്നു നായനാരുടെ മുഖമുദ്ര. ഏത് സങ്കീർണസാഹചര്യത്തേയും അലിയിച്ചുകളയാൻ പോന്ന നർമ്മമായിരുന്നു കൂട്ട്. എതിർചേരിയിലുള്ളവരോടു പോലും സ്‌നേഹബഹുമാനങ്ങൾ കാത്തുസൂക്ഷിച്ചു നായനാർ. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ ഉരുകിത്തെളിഞ്ഞ നായനാർ, മൊറാഴയിലും കയ്യൂർ സമരത്തിലും മുന്നണിപ്പോരാളിയായി.

മൂന്നു തവണ മുഖ്യമന്ത്രിയും ആറു തവണ നിയസഭാംഗവും ഒരു തവണ ലോക്‌സഭാംഗവുമായി നായനാർ. ദരിദ്രരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം പുതുക്കിപ്പണിയുന്നതിനായിരുന്നു മുഖ്യമന്ത്രിയായിരുന്ന സമയത്ത് നായനാരുടെ ശ്രദ്ധ. 2004 മേയ് 19-ന് നായനാർ വിടവാങ്ങിയപ്പോൾ കേരളം വിതുമ്പി. ജനമനസ്സുകളിൽ ആ നേതാവിനോടുള്ള സ്‌നേഹത്തിന്റെ തെളിവായിരുന്നു അന്ത്യയാത്രയിൽ അണിചേർന്ന ജനസാഗരം.

You cannot copy content of this page