തൃശൂർ :കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ‘നാവ്’ ബിജെപി സംസ്ഥാന ഘടകത്തിന് പൊല്ലാപ്പായി മാറുന്നുവോ? തൃശൂരിലെ മിന്നുന്ന വിജയത്തിന്‍റെ തിളക്കം കെടുത്തിയത് സുരേഷ് ഗോപിയുടെ ചില പ്രതികരണങ്ങളും മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളുമായിരുന്നു എന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് മുന്‍ കേന്ദ്രമന്ത്രിക്കെതിരെയുള്ള മന്ത്രിയുടെ പുതിയ വിമര്‍ശനവും പുറത്തുവന്നിരിക്കുന്നത്.
കെ. കരുണാകരനു ശേഷമുള്ള കേന്ദ്രമന്ത്രിമാരൊക്കെ കേരളത്തെ അവഗണിച്ചെന്നായിരുന്നു കെ കരുണാകരന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞത്. സ്വാഭാവികമായും മോദിയുടെ മുന്‍ സര്‍ക്കാരുകളില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, വി മുരളീധരന്‍ എന്നിവര്‍കൂടി ഇതോടെ വെട്ടിലായി.
മന്ത്രിയുടെ പ്രതികരണത്തോടുള്ള അതൃപ്തി പരസ്യമാക്കും വിധമായിരുന്നു മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രതികരണം. ഒന്നാം മോഡി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രതികരണം ഇതുവരെ വന്നിട്ടില്ലെങ്കിലും അദ്ദേഹവും പ്രതികരിക്കുമെന്നാണ് സൂചന.
താന്‍ കേരളത്തിനായി എന്ത് ചെയ്തുവെന്ന് ജനങ്ങള്‍ക്കറിയാമെന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ മുരളീധരന്‍ തിരിച്ചടിച്ചു. സുരേഷ് ഗോപി പറഞ്ഞതില്‍ എന്തെങ്കിലും വ്യക്തത കുറവ് വന്നിട്ടുണ്ടെങ്കില്‍ അദ്ദേഹം അത് തിരുത്തുമെന്ന് പറഞ്ഞ മുരളീധരന്‍ മന്ത്രി തിരുത്തി പറയണമെന്ന ആവശ്യം തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്.
നേരത്തെ തിരുവനന്തപുരത്തെ വന്‍ ഭൂരിപക്ഷത്തിലുള്ള വിജയാവേശത്തില്‍ സുരേഷ് ഗോപി നടത്തിയ ചില പ്രതികരണങ്ങളില്‍ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. വിജയത്തില്‍ പാര്‍ട്ടിയുടെ പങ്ക് അംഗീകരിച്ചുകൊടുക്കാന്‍ അദ്ദേഹം വിമുഖത കാണിച്ചു എന്നായിരുന്നു വിമര്‍ശനം.
താന്‍ തൃശൂരിന്‍റെ മാത്രം എംപിയല്ല, കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ആകെ മന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രി സ്ഥാനം കിട്ടിയാല്‍ 10 വകുപ്പുകളുടെയെങ്കിലും നിയന്ത്രണം കൈവശം ലഭിക്കുന്നവിധമുള്ള ഒരു സംവിധാനം ആയിരിക്കണമെന്നായിരുന്നു മറ്റൊരു പ്രസ്താവന.
അങ്ങനെ മറ്റ് വകുപ്പുകളില്‍ ഏതെങ്കിലും തരത്തില്‍ നിയന്ത്രണം ഉണ്ടാകണമെങ്കില്‍ ആഭ്യന്തരം, ധനകാര്യം എന്നി വകുപ്പുകളിലേതെങ്കിലുമോ ഉപപ്രധാനമന്ത്രി പദവിയോ നല്‍കേണ്ടിവരും. ചില കേന്ദ്രങ്ങള്‍ ആ വിധത്തില്‍ സുരേഷ് ഗോപിയുടെ വാക്കുകളെ വളച്ചൊടിക്കുകയും ചെയ്തു. ഇതൊക്കെ ചിലരെങ്കിലും സുരേഷ് ഗോപിയുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കാനും ഇടയാക്കി.
മന്ത്രിയായ ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ വീട്ടിലെത്തിയതും മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ പുകഴ്ത്തിയതുമൊക്കെ ബിജെപി നേതാക്കള്‍ക്ക് സുഖിച്ചിട്ടില്ലെങ്കിലും പൊതു സമൂഹത്തിനിടയില്‍ രാഷ്ട്രീയത്തിനതീതമായ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്.
പക്ഷേ രാഷ്ട്രീയം ഇഴകീറി വിശകലനം ചെയ്യപ്പെടുന്ന കേരളത്തിലെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നുള്ള അഭിപ്രായം ബിജെപിയില്‍ ശക്തമാണ്. എന്നാല്‍ അത് എത്രത്തോളം സുരേഷ് ഗോപി വകവച്ചുകൊടുക്കും എന്നത് കണ്ടറിയണം. ഈ നില തുടർന്നാൽ അഞ്ചു വർഷം പൂർത്തീകരിക്കുകയെന്നത് ഗോപിക്ക് വലിയ ഒരു വെല്ലുവിളി തന്നെയായിരിക്കും.