പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ ബി.ജെ.പി പരാതി നല്‍കി. ബി.ജെ.പിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതി നല്‍കാൻ കാരണമായത്.
മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി അരമനയില്‍ കയറി ചെല്ലാതിരുന്നാല്‍ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർന്ന് ബി.ജെ.പി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.
സമൂഹത്തില്‍ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുളള ബി.ജെ.പിയുടെ പരാതിയിലെ ആരോപണം. ബി.ജെ.പി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും ജനറല്‍ സെക്രട്ടറിയുടേയും പേരില്‍ രണ്ട് പരാതികളാണ് നല്‍കിയിരിക്കുന്നത്. മതസ്പർധ, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം.
പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരത്തിനിടെയാണ് ബി.ജെ.പി നേതാവ് വധഭീഷണി പ്രസംഗം നടത്തിയത്. പാലക്കാട് രാഹുലിനെ കാല്‍ കുത്താൻ അനുവദിക്കില്ലെന്ന് മേല്‍ഘടകം തീരുമാനിച്ചാല്‍ പിന്നെ രാഹുലിന്‍റെ കാല്‍ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് നോക്കിയാല്‍ മതിയെന്നുമാണ് ജില്ല ജനറല്‍ സെക്രട്ടറി ഓമനക്കുട്ടൻ പ്രസംഗിച്ചത്.
ഹെഡ്ഗേവാര്‍ വിവാദത്തില്‍ എം.എല്‍.എ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ജില്ല ജനറല്‍ സെക്രട്ടറി നടത്തിയ സ്വാഗത പ്രസംഗമാണ് വിവാദമായത്. തുടർന്ന് ഇരുകൂട്ടരും തമ്മില്‍ വാക് പോരും നടന്നു.