തിരുവനന്തപുരം : ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പൗരസാഗരം ഡോ. ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്തു. സമരം വിജയിച്ചേ മതിയാകൂയെന്നും കോവിഡ് കാലത്ത് കാടും കുന്നും കയറിയിറങ്ങി പ്രവർത്തിച്ചവരാണ് ആശമാരെന്നും ഖദീജാ മുംതാസ് പറഞ്ഞു.
ദേശീയതലത്തിൽ ആശാസമരത്തിന് പിന്തുണ ലഭിച്ചു കഴിഞ്ഞുവെന്നും ഖദീജാ വ്യക്തമാക്കി. സർക്കാർ കടുംപിടുത്തം പിടിക്കുന്നത് ആശാ സമരത്തിൽ എസ്‌യുസിഐ കൂടെയുള്ളതുകൊണ്ട് മാത്രമാണെന്നും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ആശാ സമരത്തിന് ഒപ്പമുള്ളതെന്നും ഖദീജാ പറഞ്ഞു.
ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടത് കേന്ദ്ര – സംസ്ഥാന സർക്കാരാണെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്ന് കെ സച്ചിദാനന്ദൻ പറഞ്ഞു. ഓണറേറിയം കുറച്ചെങ്കിലും വർധിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സർക്കാരിൻ്റെ നിലപാട് അങ്ങേയറ്റം അവലപനീയമാണെന്നും ചെറിയ തുക വർധിപ്പിച്ച് സർക്കാർ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരിക്കുന്ന ഇടതുപക്ഷം സമരക്കാർക്കൊപ്പമില്ലയെന്നും യഥാർത്ഥ ഇടതുപക്ഷത്തിൻ്റെ മനഃശക്തി സമരത്തിനൊപ്പമുണ്ടെന്നും എം എ ബിന്ദു. ഉയർത്തിയ ആവശ്യങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതല്ലെന്നും ബിന്ദു പറഞ്ഞു. വിമോചന സമരമാണെന്ന് പറഞ്ഞ് എം എ ബേബി സമരത്തെ അവഗണിച്ചുവെന്നുംഇത് വിമോചന സമരം തന്നെയാണെന്നും എന്തു ത്യാഗം സഹിച്ചും ആവശ്യങ്ങൾ നേടിയെടുത്തിട്ടേ മടങ്ങൂവെന്നും ബിന്ദു വ്യക്തമാക്കി.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങളുമായി
സെക്രട്ടറിയേറ്റ് പടിക്കലെ രാപ്പകൽ സമരം ഇന്ന് 62-ാം ദിവസവും നിരാഹാര സമരം ഇരുപത്തി നാലാം ദിവസം തുടരുകയാണ്.തങ്ങൾക്കൊപ്പം നിൽക്കാൻ ജനാധിപത്യവാദികളും സാധാരണക്കാരും മാത്രമേ ഉള്ളൂവെന്ന് ആശാ വർക്കർമാർ പറഞ്ഞിരുന്നു.