Breaking News

യുഎസ് വിസ നിയമങ്ങളിലെ മാറ്റങ്ങൾ, ഇന്ത്യക്കാർക്ക് പുതിയ വെല്ലുവിളി

Spread the love

ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വിസ നയങ്ങളിലെ പരിഷ്കാരങ്ങൾ ഇന്ത്യയിലും അമേരിക്കയിലുമുള്ള നിരവധി ഇന്ത്യക്കാർക്ക് അനിശ്ചിതത്വവും ഉത്കണ്ഠയും സൃഷ്ടിച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ പലരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിൽ പ്രധാനം ഇന്ത്യയിൽ നിന്നുള്ളവർക്ക് കുടിയേറ്റത്തിനല്ലാത്ത വിസ പുതുക്കുന്നതിന് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കുന്ന ഡ്രോപ്ബോക്സ് സംവിധാനത്തിൽ യുഎസ് മാറ്റം വരുത്തിയതാണ്. പുതിയ മാറ്റം അനുസരിച്ച് വിസ കാലാവധി കഴിഞ്ഞ് പന്ത്രണ്ട് മാസത്തിനുള്ളിൽ മാത്രമേ ഡ്രോപ്ബോക്സ് പ്രോഗ്രാമിൽ അപേക്ഷിക്കാനാവൂ. മുൻപ് ഇത് ഇത് 48 മാസമായിരുന്നു.

വിസ പുതുക്കലിന് ഏറെ സൗകര്യമായിരുന്നു ഡ്രോപ്ബോക്സ് പ്രോഗ്രാം. ഡ്രോപ്പ്ബോക്സ് വിസ എന്നാൽ യുഎസ് കോൺസുലേറ്റിൽ നേരിട്ട് ഹാജരാകാതെ തന്നെ വിസ പുതുക്കുന്ന രീതിയാണ്. ഇതിനെ ഇന്റർവ്യൂ വേവർ പ്രോഗ്രാം (IWP) എന്നും വിളിക്കുന്നു. ഇത് വഴി നിർദിഷ്ട യോഗ്യതയുള്ളവർ വീസ പുതുക്കുന്നതിനുള്ള അവശ്യരേഖകളെല്ലാം എംബസികളിലെയോ കോൺസുലേറ്റുകളിലെയോ ഡ്രോപ്ബോക്സുകളിൽ നിക്ഷേപിച്ചാൽ മതിയായിരുന്നു. എഫ്–1 വിദ്യാർഥി വിസയിൽ യുഎസിലെത്തി എച്ച്–1 ബി വിഭാഗത്തിലേക്ക് മാറ്റം ലഭിക്കുമ്പോഴും മറ്റും ഇത് ഏറെ ഉപകാരമായിരുന്നു.

വിസ പുതുക്കുന്നവർക്ക് മുമ്പത്തെ അതേ കാറ്റഗറിയിൽ തന്നെ വിസ പുതുക്കാനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയിപ്പോൾ വിസ കാലാവധി തീർന്നവർക്ക് 12 മാസത്തിനുള്ളിൽ അതേ തരത്തിലുള്ള വിസ പുതുക്കാൻ മാത്രമേ ഡ്രോപ്ബോക്സ് സംവിധാനം ഉപയോഗിക്കാനാവൂ. ഇതുകാരണം പലരുടെയും അപ്പോയിന്റ്‌മെന്റുകൾ റദ്ദാക്കപ്പെടും. ഡ്രോപ്ബോക്സ് പ്രയോജനപ്പെടുത്തിയിരുന്ന എച്ച്–1ബി, എൽ–1, ഒ–1 വീസക്കാർക്ക് പുതിയ നിബന്ധന ബുദ്ധിമുട്ടാകും.

You cannot copy content of this page