യുക്രൈനുള്ള ആയുധവിതരണം പുനരാരംഭിച്ച് അമേരിക്ക. പേട്രിയട്ട് വ്യോമപ്രതിരോധ സംവിധാനങ്ങളടക്കമുള്ള ആയുധങ്ങൾ യുക്രെയ്‌ന് നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. യുക്രൈന് നൽകുന്ന ആയുധങ്ങളുടെ ചിലവ് നാറ്റോ വഹിക്കുമെന്നും ട്രംപ് അറിയിച്ചു. ട്രംപിന്റെ യുക്രൈൻ പ്രതിനിധി കെയ്ത്ത് കെല്ലോഗ് അടുത്തയാഴ്ച യുക്രൈൻ സന്ദർശിക്കും.
റഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽകൂടിയാണ് ആയുധ വിതരണം പുനരാരംഭിച്ചതെന്നാണ് വിവരം. റഷ്യയ്ക്ക് സ്വയം പ്രതിരോധിക്കാൻ കഴിയണം. യുദ്ധത്തിൽ നിരവധി ആളുകൾ കഷ്ടത അനുഭവിക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡൻ്റ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഈ കാര്യങ്ങൾ പറഞ്ഞത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനിൽ താൻ തൃപ്തനല്ലെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. യുദ്ധം റഷ്യ നിർത്താത്തതിൽ താൻ നിരാശനാണെന്നും ട്രംപ് പറഞ്ഞിരുന്നു. 2022 ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചശേഷം യുക്രൈന് വലിയ സാമ്പത്തിക സഹായവും സൈനിക–ആയുധസഹായവും യുഎസ് നൽകിയിട്ടുണ്ട്.
