ആലപ്പുഴ: പി വി അന്‍വര്‍ രാഹുല്‍ഗാന്ധിക്കെതിരായി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതെന്ന് കെ സി വേണുഗോപാല്‍.കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട പ്രസ്താവനയാണ്. രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അന്‍വര്‍ അപമാനിച്ചതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരള നിയമസഭയിലെ ഒരു എംഎല്‍എയാണ് ഇത് പറയുന്നത് എന്നതാണ് ഏറെ ഞെട്ടല്‍ ഉളവാക്കുന്ന കാര്യം. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി ആണ് ആദ്യം രാഹുലിനെ അപമാനിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുളള ലൈസന്‍സ് കൊടുക്കുന്നത്. ആ കുടുംബത്തെ അധിക്ഷേപിക്കാന്‍ ലൈസന്‍സ് നല്‍കുകയാണ്. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരം പറയേണ്ടത്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകും. തന്നെ എന്തും പറഞ്ഞോട്ടെ. അതുപോലെയല്ല രാജീവ് ഗാന്ധിയെ പറയുന്നത്. ഈ രാജ്യത്തിനുവേണ്ടി ജീവന്‍ അര്‍പ്പിച്ച രക്തസാക്ഷിയാണ് രാജീവ് ഗാന്ധി. അതിനോട് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അന്‍വറിന്റെ പ്രതികരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അല്‍പസമയത്തിനകം പരാതി നല്‍കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം പി വി അന്‍വറിന്റെ അധിക്ഷേപ പ്രസംഗത്തില്‍ മലപ്പുറം ഡിസിസി പരാതി നല്‍കും. ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.