Breaking News

മകനെ കുടുക്കാന്‍ കടയില്‍ കഞ്ചാവ് വെച്ചു; പിതാവ് അറസ്റ്റില്‍

Spread the love

മാനന്തവാടി: മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറാണ്(67) അറസ്റ്റിലായത്. വൈരാഗ്യത്തിന്റെ പേരിലാണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കര്‍ മകന്റെ കടയില്‍ കഞ്ചാവ് വെച്ചത്. തുടര്‍ന്ന് എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു.

സെപ്റ്റംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി-മൈസൂരു റോഡിലാണ് അബൂബക്കറിന്റെ മകന്‍ നൗഫലിന്റെ സ്ഥാപനമുള്ളത്. നൗഫല്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ സമയത്ത് മറ്റുള്ളവരുടെ സഹായത്തോടെ കടയില്‍ കഞ്ചാവ് വെക്കുകയായിരുന്നു. തുടര്‍ന്ന് അബൂബക്കര്‍ തന്നെ എക്‌സൈസില്‍ വിളിച്ച് വിവരം നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പിന്നാലെ നൗഫലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഫലിന്റെ നിരപരാധിത്വം വ്യക്തമായത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അന്ന് തന്നെ നൗഫലിന് ജാമ്യം നല്‍കുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തിലാണ് സംഭവത്തില്‍ അബൂബക്കറിന്റെ പങ്ക് വ്യക്തമായത്.

അബൂബക്കറിന്റെ കീഴില്‍ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയും ഓട്ടോ ഡ്രൈവറായ ജിന്‍സ് വര്‍ഗീസും അബ്ദുള്ള എന്നയാളുമാണ് അബൂബക്കറിനെ സഹായിച്ചത്. കര്‍ണാടകയില്‍ നിന്നായിരുന്നു സംഘം കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് കൊണ്ടുവരാന്‍ സഹായം നല്‍കിയ ജിന്‍സിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. അബൂബക്കറിനെ മുഖ്യപ്രതിയാക്കിയാണ് എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടയില്‍ ഹാജരാക്കിയ അബൂബക്കറിനെ റിമാന്‍ഡ് ചെയ്തു.

You cannot copy content of this page