Breaking News

ഓട്ടോയിൽ കയറ്റി മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ടു പേർ പിടിയിൽ

Spread the love

തിരുവനന്തപുരം: വീട്ടമ്മയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. അരുവിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവർ അൽ അസർ (35), നൗഷാദ് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മുണ്ടേല സ്വദേശിയായ സുലോചനയുടെ (68) മാലയാണ് ഇരുവരും ചേർന്ന് പൊട്ടിക്കാൻ ശ്രമിച്ചത്.
വീട്ടിൽ പോകാനായി നെടുമങ്ങാട്ട് നിൽക്കുകയായിരുന്ന സുലോചനയ്ക്കു സമീപം ഓട്ടോറിക്ഷയുമായെത്തിയ ഇവർ മുണ്ടേലയിലേക്കു പോകുന്നെന്ന് അറിയിച്ചു. ഇതോടെ സുലോചന ഓട്ടോയിൽ കയറി. കൊക്കോതമംഗലത്ത് ഓട്ടോ എത്തിയപ്പോൾ ഇവർ സുലോചനയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് മാല പെ‍ാട്ടിക്കാൻ ശ്രമിച്ചു. സുലോചനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നൗഷാദിനെ പിടികൂടി പൊലീസിലേൽപ്പിച്ചത്. ഓട്ടോ ഡ്രൈവർ അൽ അസർ ഓടിരക്ഷപ്പെട്ടു. ഇയാളെ പിന്നീട് അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

You cannot copy content of this page