Breaking News

സിറിയയിൽ ഭരണം അട്ടിമറിച്ചത് തീവ്രവാദികളെന്ന് ബാഷർ അൽ അസദ്; ‘രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്ന് പ്രതീക്ഷ’

Spread the love

സിറിയയിൽ ഭരണം അട്ടിമറിച്ചത് തീവ്രവാദികളാണെന്ന് മുൻ പ്രസിഡൻ്റ് ബാഷർ അൽ അസദ്. രാജ്യം വിടാൻ താൻ തീരുമാനിച്ചിരുന്നതല്ലെന്നും റഷ്യയിൽ അഭയം തേടേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സിറിയയിൽ ഭരണം അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ രാജ്യത്ത് നിന്ന് പലായനം ചെയ്ത അദ്ദേഹം ആദ്യമായാണ് പ്രതികരണം പുറത്തുവിടുന്നത്. റഷ്യയിലുള്ള അദ്ദേഹം മോസ്കോയിൽ സുരക്ഷിത കേന്ദ്രത്തിലാണ് ഇപ്പോൾ കഴിയുന്നത് എന്നാണ് വിവരം.

ഇക്കഴിഞ്ഞ ഡിസംബർ എട്ടിന് രാത്രിയിലാണ് അദ്ദേഹം സിറിയ വിട്ടത്. താൻ തീവ്രവാദികളോട് പൊരുതാനാണ് ലക്ഷ്യമിട്ടതെന്നും വ്യക്തിപരമായ നേട്ടത്തിന് താൻ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രാജ്യം തീവ്രവാദികളുടെ കൈയ്യിലകപ്പെട്ട ശേഷവും താൻ പ്രസിഡൻ്റ് പദവിയിൽ തുടരുന്നതിൽ അ‍ർത്ഥമില്ല. എങ്കിലും താനും സിറിയൻ ജനതയും തമ്മിലുള്ള ബന്ധത്തിന് യാതൊന്നും സംഭവിക്കില്ല. രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്ന് താൻ വിശ്വസിക്കുന്നു. ഡിസംബർ എട്ടിന് പുലർച്ചെ വരെ താൻ ദമാസ്‌കസിൽ ഉണ്ടായിരുന്നു. അവിടെ ഡ്രോൺ ആക്രമണം നടന്നപ്പോൾ റഷ്യ ഇടപെട്ട് തന്നെ അടിയന്തിരമായി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

രാജ്യം വിട്ട ബാഷർ അൽ അസദ് 250 മില്യൺ ഡോളർ (2,082 കോടി രൂപ) മോസ്‌കോയിലേക്ക് കടത്തിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2018-2019 കാലയളവിൽ ഏകദേശം രണ്ട് ടൺ 100 ഡോളർ നോട്ടുകളും 500 ൻ്റെ യൂറോ കറൻസികളും കടത്തി. ഇവ മോസ്കോയിലെത്തിച്ച ശേഷം റഷ്യൻ ബാങ്കുകളിൽ നിക്ഷേപിച്ചു. ഇതേ കാലയളവിൽ അസദിൻ്റെ ബന്ധുക്കൾ റഷ്യയിൽ രഹസ്യമായി സ്വത്തുക്കൾ വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റഷ്യൻ ബാങ്കുകൾക്ക് 250 മില്യൺ ഡോളർ കറൻസി നോട്ടുകൾ ലഭിച്ചതായി ഒരു രേഖയും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, ഇന്ധന കള്ളക്കടത്ത് എന്നിവയിൽ നിന്ന് അസദും അദ്ദേഹത്തിൻ്റെ സഹായികളും പണം സമ്പാദിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔട്ട്‌ലെറ്റും ആരോപിക്കുന്നുണ്ട്.

You cannot copy content of this page