തിരുവനന്തപുരം: വയനാട് മുണ്ട കൈ ദുരന്ത രക്ഷാപ്രവർത്തനത്തിനടക്കം കൂലിചോദിച്ച കേന്ദ്രനടപടിയെ രാഷ്ട്രീയമായി നേരിടാനുറച്ച് കേരളം
അപകട ഘട്ടത്തിലെ കൈത്താങ്ങിന് കണക്കുചോദിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നവരെന്ന നിലയില്‍ ആയുധമാക്കാനാണ് നീക്കം.
പ്രധാനമന്ത്രി വയനാട്ടില്‍ സന്ദർശനത്തിന് വന്നതിന്‍റെ കാശുകൂടി കേരളം കൊടുക്കേണ്ടിവരുമോയെന്ന മന്ത്രി പി. രാജീവിന്‍റെ പരിഹാസം കൂടിയായതോടെ, സർക്കാർ ലൈൻ ഏറക്കുറെ വ്യക്തമായി. കേന്ദ്ര ഗവണ്‍മെന്‍റ് കേരളത്തോട് പകപോക്കുകയാണെന്ന് തുറന്നടിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.
ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും കേരളവും രാജ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പണം ചോദിക്കല്‍ തിരിഞ്ഞുകൊത്തിയതോടെ, വെട്ടിലായ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തി. പണം അടക്കാൻ വേണ്ടിയല്ല, സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായ ആശയവിനിമയമാണിതെന്ന നിലയിലാണ് കേന്ദ്രനടപടിയെ സംസ്ഥാന നേതാക്കള്‍ വ്യാഖ്യാനിച്ച് ലഘൂകരിക്കാൻ ശ്രമിച്ചത്.
പണം കേരളം അടക്കേണ്ടിവരില്ലെന്നും പ്രതിരോധവകുപ്പിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമായ നീക്കുപോക്ക് മാത്രമാണെന്നുമായിരുന്നു വി. മുരളീധരൻ പ്രതികരിച്ചത്.
വയനാട് ദുരന്തത്തില്‍ ഹെലികോപ്ടര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്ന് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖറും വിശദീകരിച്ചു. ഹെലികോപ്ടർ ഇറക്കിയതിന് പണം ചോദിച്ചത് വ്യാജ കഥയാണെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ വിശദീകരണം. എന്നാല്‍, ഇതെല്ലാം തള്ളി കേരളം പണമടക്കണമെന്നു തന്നെയാണ് കേന്ദ്രം ആവശ്യപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മും സർക്കാറും ആക്രമണമുന കേന്ദ്രത്തിനു നേരെ തിരിച്ചത്.
ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉന്നതാധികാര സമിതി ഹൈകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വ്യോമസേനയുടെ ബില്ലുകള്‍ സംസ്ഥാനം അടക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പലവട്ടം ആശയവിനിമയം നടത്തിയിട്ടും നിലപാടിൽ മാറ്റമുണ്ടായിട്ടില്ല. പ്രളയകാലത്ത് വിതരണം ചെയ്ത അരിക്ക് പിന്നീട് ഭീഷണിപ്പെടുത്തി പണംവാങ്ങിയ അനുഭവവും കേരളത്തിന് മുന്നിലുണ്ട്. 2018-19ലെ പ്രളയകാലത്ത് അനുവദിച്ച 89,540 ടണ്‍ അരിക്ക് 205.81 കോടിയാണ് കേന്ദ്രം ഈടാക്കിയത്. അടക്കാൻ വൈകിയപ്പോള്‍ ഭക്ഷ്യ സബ്സിഡി ഒഴിവാക്കുമെന്ന് ഭീഷണി ഉയർത്തിയാണ് പണമടപ്പിച്ചത്. ഇതടക്കം ഉന്നയിച്ചാണ് സർക്കാറും സി.പി.എമ്മും വിഷയം കേന്ദ്രത്തിനെതിരെ തിരിക്കുന്നത്.
എന്തായാലും അടുത്ത അസംബ്ളി ഇലക്ഷനിൽ പ്രതീക്ഷവെച്ചിരിക്കുന്ന ബി ജെ പി ക്ക് വലിയ തിരിച്ചടിയായി ഈ വിഷയം മാറാനാണ് സാധ്യത.