Breaking News

മെക്7നെതിരെ സുന്നികള്‍ രംഗത്ത്; രൂക്ഷ വിമര്‍ശവുമായി സമസ്ത എ പി വിഭാഗം

Spread the love

മെക്7 എന്ന പേരില്‍ മലബാര്‍ ജില്ലകളില്‍ വ്യാപകമായി നടക്കുന്ന മോര്‍ണിംഗ് എക്‌സസൈസ് പരിപാടിയില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ സമസ്ത രംഗത്ത്.

ഇരുസമസ്തകളിലും ഇതുമായി ബന്ധപ്പെട്ട് ഗുരുതരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത് എ പി വിഭാഗമാണ്.

ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും തന്ത്രപരമായി മുസ്ലിം പോക്കറ്റുകള്‍ കേന്ദ്രീകരിച്ച്‌ രഹസ്യമായ സംഘടനാ പ്രവര്‍ത്തനം നടത്തുകയാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നുമാണ് എ പി വിഭാഗം നേതാക്കള്‍ അണികള്‍ക്ക് നല്‍കിയ നിര്‍ദേശം. എസ് ഡി പി ഐയുടെയും പോപുലര്‍ ഫ്രണ്ടിന്റെയും പഴയ വേര്‍ഷനായിരുന്ന എന്‍ ഡി എഫ് എങ്ങനെയാണോ പ്രവര്‍ത്തനം ആരംഭിച്ചത് അതേരൂപത്തിലാണ് മെക്7നും സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുന്നതെന്നാണ് എ പി വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്.

മെക്7ന്റെ പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇത്തരത്തില്‍ ഒരേപോലെ പ്രവര്‍ത്തനം നടത്തുന്ന ഒരു സംവിധാനത്തിന് സംഘടനാ പശ്ചാത്തലമുണ്ടെന്നും അത് എന്തുകൊണ്ടാണ് പരസ്യമാക്കാത്തതെന്നുമാണ് സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയും എ പി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ എഡിറ്ററുമായ മുഹമ്മദ് അലി കിനാലൂര്‍ അഭിപ്രായപ്പെട്ടത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഇത് അത്ര ശുഭകരമായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

ഇദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞ അഭിപ്രായം പിന്നീട് സംഘടന ഗൗരവമായി ചര്‍ച്ച ചെയ്യുകയും പണ്ഡിതന്മാരും സംസ്ഥാന നേതാക്കളും ഇതിനെതിരെ ശബ്ദിക്കുകയുമായിരുന്നു. സമസ്ത സെക്രട്ടറിയും മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫിയും മെക്7നെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

ഈ സംഘത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം യുവാക്കള്‍ ഇത്തരം പരിപാടിയില്‍ പങ്കെടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലടക്കം എ പി വിഭാഗത്തിന്റെ മദ്രസ, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ നടന്ന മെക്7 പരിശീലനം നേതാക്കള്‍ ഇടപെട്ട് അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം, തങ്ങള്‍ക്ക് സംഘടനാ പിന്തുണയില്ലെന്നും എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നുമാണ് മെക്7 നേതാക്കള്‍ വ്യക്തമാക്കുന്നത്.

You cannot copy content of this page