Breaking News

‘കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണം’; ചിന്ത ജെറോം

Spread the love

CPIM കൊല്ലം ജില്ലാ സമ്മേളനത്തിൽ ചില്ലുകുപ്പിയിൽ കുടിവെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്നാണ് ഫേസ്ബുക്കിൽ ചിന്ത ജെറോമിന്റെ പ്രതികരണം.

സമ്മേളനവേദിയിൽ ചില്ലുകുപ്പിയിലെ കുടിവെള്ള വിതരണം ചർച്ചയായതോടെ, ഇത് മാറ്റി പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം എത്തിക്കുകയായിരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് പ്ലാസ്റ്റിക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ വെള്ളം വിതരണം ചെയ്തതെന്നും ചിന്താ ജെറോം പറഞ്ഞു.

ഇന്നലെയാണ് കൊല്ലം ജില്ലാ സമ്മേളനം ആരംഭിച്ചത്. ഇതിലാണ് അംഗങ്ങൾക്ക് ചില്ലുകുപ്പിയിൽ വെള്ളം നൽകിയത്. പിന്നാലെ കുപ്പിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. തുടർന്നാണ് പ്രതികരണവുമായി ചിന്ത രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളെ തുടർന്ന് ചില്ലുക്കുപ്പി മാറ്റി പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം എത്തിക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു.

ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം. സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂർവം അർത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമർശനങ്ങളുമായി ഒരുകൂട്ടർ ഇറങ്ങി പുറപ്പെടുന്നത്. വരുംകാലത്തിൻ്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും. പ്രയോഗത്തിൻ്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്സിസം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്.ഇതിൻ്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’ പ്രചരിപ്പിക്കുന്നത്. സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിൻ്റെ സാക്ഷ്യമാണ് നിലവിലെ ബിയർ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ – അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാൻ തയ്യാറാവണം.

You cannot copy content of this page