തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൂരല്‍മല-മുണ്ടക്കൈ ദുരന്തം വിവാദമാക്കി മാറ്റാന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിവേദനം നല്‍കാന്‍ വൈകിയതുകൊണ്ടാണ് സഹായം നല്‍കാത്തത് എന്നാണ് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ പറഞ്ഞത്. ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ഇതില്‍ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുത്താന്‍ തയ്യാറാണ്. അല്ലാതെ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ ഉള്ളവരും അല്ലാത്തവരും സംസ്ഥാന താത്പര്യത്തില്‍ ഒരുമിച്ചു നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ അങ്ങനെ ഒരു നിലപാട് ആണോ? ബിജെപി ഒഴികെ എല്ലാ എംപിമാരും ഇതില്‍ ഒരുമിച്ചു നിന്നു. വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. എല്ലാ വഴികളും തേടും. കേന്ദ്രവുമായി തുടര്‍ന്നും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. സ്മാര്‍ട്ട് സിറ്റി കൊണ്ട് ഉദ്ദേശിച്ച ഒന്നും നിന്നുപോവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞു വിടുക എന്ന സമീപനം അല്ല സര്‍ക്കാരിന് ഉള്ളത്. ഇത് കേരളവും യുഎഇ സര്‍ക്കാരും തമ്മിലെ കാര്യമാണ്. സ്ഥലം ഏറ്റെടുക്കലാണ് ലക്ഷ്യം. ടീകോം നല്‍കിയ ഓഹരി വില ആണ് മടക്കി നല്‍കുക. ടീകോമിനെ ഒഴിവാക്കിയത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.