Breaking News

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഉടൻ അവതരിപ്പിക്കും; ആദ്യം സംയുക്ത പാർലമെന്ററി സമിതിക്ക് വിടും

Spread the love

ന്യൂ ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ ശീതകാല പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടേക്കുമെന്നാണ് സൂചന.
ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ട് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. സംയുക്ത പാർലമെന്ററി സമിതി വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും അഭിപ്രായം കേൾക്കും. അവയ്ക്കു പുറത്ത് ആരെയെല്ലാം കേൾക്കണമോ, അവരെയും സമിതി കേൾക്കും. നിലവിൽ ബിൽ അവതരിപ്പിക്കുക എന്നതും, പാസ്സാകുക പിന്നീട് ആലോചിക്കാമെന്നുമാണ് കേന്ദ്രസർക്കാർ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാം നാഥ് കോവിന്ദ് സമിതി മുന്നോട്ട് വെക്കുന്ന പ്രധാന നിർദ്ദേശങ്ങൾ

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നതാണ് ഏറ്റവും സുപ്രധാന നിർദ്ദേശം. തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തുകയും വേണം. 2029 ൽ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിന് ഇടയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്ക്കേണ്ടിയും വരും. നാല് വർഷം, മൂന്ന് വർഷം, രണ്ട് വർഷം, ഒരു വർഷം എന്നിങ്ങനെ നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കപ്പെടും.

ജാർഖണ്ഡ്, ബീഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി നാല് വർഷമായി വെട്ടിച്ചുരുക്കേണ്ടി വരും. കേരളം, ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്ന് വർഷമാക്കേണ്ടി വരും. മണിപ്പൂർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ നിയമസഭാ കാലവധി രണ്ട് വർഷമായും ഹിമാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, തെലങ്കാന, മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടേത് ഒരു വർഷമായും വെട്ടിച്ചുരുക്കേണ്ട സാഹചര്യമുണ്ടാകും.

62 പാർട്ടികളോട് അഭിപ്രായം തേടിയാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. ബിജെപി ഉൾപ്പെടെ 32 പാർട്ടികൾ അനുകൂലിക്കുകയും കോൺഗ്രസ് ഉൾപ്പെടെ 15 പാർട്ടികൾ വിയോജിക്കുകയും ചെയ്തു. 2015 ൽ ഐഡിഎഫ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിൽ പഠനം നടത്തിയിരുന്നു. ഇതിൽ നിന്ന് ഒറ്റ തിരഞ്ഞെടുപ്പ് നടക്കുന്നതോടെ ഒരേ പാർട്ടിക്ക് വോട്ട് ചെയ്യാൻ ഉള്ള സാധ്യത 77 ശതമാനമാണെന്നാണ് ഇവരുടെ പഠനം പറയുന്നത്. ആറ് മാസത്തെ ഇടവേളയിൽ തിരഞ്ഞെടുപ്പ് നടന്നാലാകട്ടെ ഒരേ പാർട്ടിയെ തിരഞ്ഞെടുക്കാനുള്ള സാധ്യത 61ശതമാനം മാത്രമാണെന്നും ഐഡിഎഫ്സി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നു.

You cannot copy content of this page