ന്യൂ ഡൽഹി: ജാതി സർവേ എന്തുകൊണ്ട് നടത്തുന്നില്ല എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അവ ചെയ്യേണ്ടത് കേന്ദ്രസർക്കാരെന്ന് മറുപടി നൽകി കേരളം. ‘മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ്’ ചെയർമാനായ വി കെ ബീരാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യവും കേരളത്തിന്റെ ഉത്തരവും.കേരളത്തിൽ പിന്നാക്ക സംവരണം ലഭിക്കുന്നത് അർഹതപ്പെട്ടവർക്കാണോ എന്നറിയാനായി, സർക്കാർ സർവീസിലുള്ളവരുടെ ജാതി സർവേ കേരളം എന്തുകൊണ്ട് നടത്തുന്നില്ല എന്നതായിരുന്നു സുപ്രീം കോടതി ചോദിച്ചത്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്. എന്നാൽ ജാതി സർവേ നടത്തേണ്ടത് സംസ്ഥാന സർക്കാർ അല്ല കേന്ദ്രസർക്കാർ ആണെന്നായിരുന്നു കേരളത്തിന്റെ മറുപടി.
ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ ഹാരിസ് ബീരാൻ സംവരണത്തിലെ അസമത്വം എങ്ങനെയെന്ന് കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ 75 വർഷമായി സംസ്ഥാനത്തെ പിന്നാക്ക സംവരണ പട്ടിക പുതുക്കിയിട്ടില്ലെന്നും, അതുമൂലം ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഒരു വിഭാഗത്തിന് മാത്രമാണെന്നും ഹാരിസ് ബീരാൻ കോടതിയിൽ വാദിച്ചു. ഈ വാദം സാധൂകരിക്കാൻ കൃത്യമായ കണക്ക് വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന് കേരളം ജാതി സർവേ നടത്തുന്നില്ല എന്നായിരുന്നു ഹാരിസ് ബീരാന്റെ മറുപടി.
വിഷയത്തിൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹാരിസ് ബീരാൻ ആവശ്യപ്പെട്ടെങ്കിലും, കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. ഇന്ദിര സാഹ്നി കേസിലെ സുപ്രീം കോടതി വിധിയെയും ഹാരിസ് ബീരാൻ പരാമർശിച്ചു. സംവരണ പട്ടിക കൃത്യമായി പുതുക്കണമെന്നും, പിന്നാക്ക അവസ്ഥ മറികടന്നവരെ മാറ്റി, പുതിയ ആളുകളെ ചേർക്കണമെന്നുമാണ് ആ വിധി. ഈ നിർദേശം കേരളം നടപ്പിലാക്കുന്നില്ലെന്നും ഹാരിസ് ബീരാൻ ആരോപിച്ചു.