Breaking News

‘പറഞ്ഞ കാര്യങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു, കാള പെറ്റെന്ന് കേട്ട ഉടൻ കയർ എടുക്കരുത്’; ആത്മയുടെ തുറന്ന കത്തിന് പ്രേംകുമാറിൻ്റെ മറുപടി

Spread the love

ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’യ്ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാർ. സദുദ്ദേശത്തോടെ താൻ പറഞ്ഞ കാര്യങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു, താൻ കൂടി അംഗമായ ‘ആത്മ’ യിലെ ആരെയും അപമാനിച്ചിട്ടില്ല. കാളപെറ്റെന്ന് കേട്ടയുടൻ കയർ എടുക്കരുതെന്ന് പ്രേംകുമാർ മറുപടിയിൽ സൂചിപ്പിച്ചു.

“ചില പരിപാടികൾ നമ്മുടെ ഭാഷയെയും സംസ്കാരത്തെയും മലിനപ്പെടുത്തുന്നുണ്ട്. കലയുടെ പേരിൽ കടന്നുവരുന്ന വ്യാജ നിർമ്മിതികൾ എൻഡോസൾഫാനെ പോലെ അപകടകരം എന്നാണ് താൻ പറഞ്ഞത്. ആത്മയുടെ മീറ്റിംഗിൽ തന്റെ നിലപാട് നേരിട്ട് വിശദീകരിച്ചത് ഗണേഷ് കുമാർ മറന്നുകാണില്ല. ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും ശരിയായ അർത്ഥവും ഉദ്ദേശശുദ്ധിയും മനസ്സിലാക്കാതെ പുച്ഛിച്ചുതള്ളുകയും അത് ഉയർത്തുന്നവരെ വ്യക്തിപരമായ അധിക്ഷേപിക്കുകയും ചെയ്യുന്നത് ഉത്തരവാദിത്വമുള്ള സംഘടനക്ക് ഭൂഷണമല്ല” പ്രേംകുമാർ കത്തിൽ വ്യക്തമാക്കി.

സീരിയലുകളെ വിമർശിച്ചുകൊണ്ടുള്ള പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ ആത്മ രംഗത്തുവന്നിരുന്നു. എന്തെങ്കിലും കുറവുകള്‍ സീരിയലുകള്‍ക്കുണ്ടെങ്കില്‍ തന്നെ അതിന് മാതൃകാപരമായ ഇടപെടലുകള്‍ നടത്തേണ്ട ചുമതലയിലാണ് പ്രേംകുമാര്‍ ഇരിക്കുന്നത്. പ്രേംകുമാര്‍ അതിന് ശ്രമിക്കാതെ കയ്യടിക്ക് വേണ്ടി ആരോപണങ്ങള്‍ ഉയര്‍ത്തുയാണ്. സീരിയല്‍ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാര്‍ഗത്തിന്റെ മുകളിലാണ് താങ്കള്‍ ഇപ്പോള്‍ എന്‍ഡോസൾഫാന്‍ വിതറിയിരിക്കുന്നത് എന്നായിരുന്നു ആത്മ അം​ഗങ്ങൾ കത്തിൽ കൂട്ടിച്ചേർത്തത്.

അതേസമയം, സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു പ്രേംകുമാറിന്റെ പ്രസ്താവന. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ പറഞ്ഞിരുന്നു.

You cannot copy content of this page