കോഴിക്കോട് വടകരയിൽ ഒമ്പത് മാസം മുമ്പുണ്ടായ അപകടത്തിൽ വഴിത്തിരിവ്.അപകടത്തിനിടയാക്കിയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിൽ ഗുരുതര പരുക്കേറ്റ ഒമ്പതുവയസുകാരി കോമാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഫെബ്രുവരി 17ന് ഉണ്ടായ അപകടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിവി ബെന്നിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്.
സ്പെയർപാർട്സ് കടകൾ കേന്ദ്രീകരിച്ചും ഇൻഷുറൻസുമായി ബന്ധപ്പെട്ടും നടത്തിയ അന്വേഷണമാണ് പ്രതിയിലെത്താൻ സഹായിച്ചത്. വടകര ചേറോട് ദേശീയപാതയിലുണ്ടായ അപകടത്തിൽ 62 കാരിയ മുത്തശ്ശി ബേബി മരിച്ചു കൊച്ചുമകൾ 9 വയസ്സുകാരി ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തു. പെൺകുട്ടി 9 മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കേസിൽ വെള്ള കാറാണ് എന്ന സൂചന അല്ലാതെ മറ്റൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. നീണ്ട അന്വേഷണത്തിലൂടെ ആണ് പ്രതിയിൽ എത്തി ച്ചേർന്നതെന്ന് കോഴിക്കോട് റൂറൽ എസ് പി P നിധിൻ രാജ് പറഞ്ഞു. ദൃഷാനയുടെ ചികിത്സയ്ക്ക് നിർധന കുടുംബം വലയുകയാണ്. ഇതിനിടെ വാഹനം കണ്ടെത്തിയത് ഇൻഷുറൻസ് തുക ലഭിക്കാൻ സഹായിക്കും എന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.