ശബരിമലയിൽ തിരക്ക് തുടരുമ്പോഴും ഭക്തർക്ക് സുഖദർശനം. മണിക്കൂറുകൾ കാത്തുനിൽക്കാത്ത ശ്രീകോവിലിലെത്താം. വെർച്യുൽ ക്യു വഴി ഭക്തർ കൃത്യസമയം പാലിക്കുന്നതും പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും വലിയ നേട്ടമായി. ഇന്നലെ 60,000 തീർഥാടകരാണ് ദര്ശനത്തിനെത്തിയത്.
4,435 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത്. പുലർച്ചെ മൂന്ന് മണി മുതൽ രാത്രി ഒൻപത് മണി വരെയുള്ള കണക്കാണിത്. ദിവസം 18 മണിക്കൂറാണ് ദർശനം.നടപ്പന്തലിൽ ഭക്തർ ഏറെ നേരം കാത്തുനിൽക്കുന്നില്ലെന്നും സൗകര്യപ്രദമായ ദർശനം നടത്താൻ സാധിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധന നടത്തി. വിവിധ നിയമലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായ ഉത്പന്നങ്ങളുടെ വിൽപന എന്നിവയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.