പാലക്കാട്: പാലക്കാട് ഇന്ന് വിധിയെഴുതുമ്പോൾ ശുഭപ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. പാലക്കാടൻ ജനതയുടെ മനസ് തങ്ങൾക്കൊപ്പമെന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ പറഞ്ഞു. ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവർ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ. അത് വോട്ടർമാരുടെ മുഖഭാവങ്ങളിൽ നിന്ന് മനസിലാവും. വോട്ടെണ്ണം കൂടും; ഇരട്ടവോട്ടുള്ളവരൊന്നും പോളിംഗ് ബൂത്തിലെത്തില്ലെന്നും പി സരിൻ പറഞ്ഞു.
വോട്ടിൻറെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതലുണ്ടാവും. വോട്ട് ശതമാനം കുറയുകയുമില്ല. ഇരട്ടവോട്ടുള്ളവരാരും പോളിംഗ് ബൂത്തിലേക്ക് എത്തില്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു. എഴുപതിനായിരത്തിൽ കുറയാത്ത ആളുകൾ വന്ന് ഇടതുപക്ഷത്തിനു വേണ്ടി വോട്ടുചെയ്യും. ഈ കണക്ക് സത്യമാണെന്ന് വൈകുന്നേരത്തോടെ മനസിലാകും. ജനങ്ങൾക്കുവേണ്ടി ഓടി നടക്കുന്നവർക്കാണ് വോട്ട്. വോട്ടർമാർ വലിയ പ്രതീക്ഷയിലാണെന്നും സരിൻ കൂട്ടിച്ചേർത്തു.
തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങൾ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുൽ പറഞ്ഞു. മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. സിറാജ്, സുപ്രഭാതം പത്രത്തിലെ എൽഡിഎഫ് പരസ്യത്തെയും രാഹുൽ വിമർശിച്ചു.ഗൗരവതരമായ വിഷയമാണെന്നും എങ്ങനെയാണ് ഓരോ പത്രത്തിൽ വെവ്വേറെ പരസ്യങ്ങൾ വരുന്നതെന്നും രാഹുൽ ചോദിച്ചു. സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങൾ അതൊന്നും കാര്യമായിട്ടെടുക്കാൻ പോകുന്നില്ലെന്നും, മണ്ഡലത്തിൽ വോട്ട് ചെയ്യാനാകാത്തതിൽ സ്വാഭാവികമായ ഒരു വിഷമമുണ്ടെന്നും രാഹുൽ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ വോട്ട് ചേർക്കാൻ തനിക്ക് താത്പര്യമില്ലെന്നും പൊതുപ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ കുറച്ച് ധാർമികത പുലർത്തണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങൾ വിമർശനത്തെയും രാഹുൽ വിമർശിച്ചു. ഇത് വഴി സിപിഐഎം ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും, ആർഎസ്എസിനെ കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി തീവ്രവാദ നിലപാട് എന്ന് പറയുന്നത് താൻ കേട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതുകയാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.