കണ്ണൂർ : കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി വക്താവ് സന്ദീപ് വാര്യരുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ്
കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപ് വാര്യരെത്തിയത് സ്‌നേഹത്തിന്റെ കടയിലേക്കല്ല ഉഡായിപ്പിന്റെ കൂടാരത്തിലേക്കാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി രഘുനാഥ് പറഞ്ഞു. സന്ദീപ് വാര്യര്‍ ബിജെപി വക്താവെന്ന സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സന്ദീപ് വാര്യര്‍ക്ക് ഇതു വേണ്ടായിരുന്നു. കോണ്‍ഗ്രസ് സ്വന്തം നേതാവിന്റെ ജീവന്‍ ഹനിക്കാന്‍ കൂടോത്രം ചെയ്യുന്ന പാര്‍ട്ടിയാണ്. സന്ദീപ് എത്തിയത് സ്‌നേഹത്തിന്റെ കടയില്‍ അല്ല, ഉഡായിപ്പിന്റെ കൂടാരത്തിലാണെന്നും സി രഘുനാഥ് പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പാണ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ സി രഘുനാഥ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അതീവ വിശ്വസ്തരില്‍ ഒരാളും ചീഫ് ഇലക്ഷന്‍ ഏജന്റുമായിരുന്നു സി രഘുനാഥ്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത കാരണമാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു ബിജെപിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സി രഘുനാഥ് ഒരു ലക്ഷത്തിലേറെ വോട്ടു നേടിയിരുന്നു. ഇപ്പോള്‍ ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി അംഗമായി പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം. എപി അബ്ദുല്ല കുട്ടിക്ക് ശേഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കണ്ണൂരിലെ പ്രമുഖ നേതാവ് കൂടിയാണ് സിരഘുനാഥ്