ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം. നിലവിലെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവടക്കം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആനകള്‍ക്കടുത്തുനിന്ന് എട്ടു മീറ്റര്‍ ദൂരം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തുമെന്നും കെ ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ആനകള്‍ തമ്മില്‍ നിശ്ചിതകലം പാലിക്കണമെന്ന നിര്‍ദ്ദേശം മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും തൃശ്ശൂര്‍പൂരത്തെയും തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ മുന്നില്‍ നിന്നാണോ പിന്നില്‍ നിന്നാണോ എട്ടു മീറ്റര്‍ അകലം പാലിക്കേണ്ടത് എന്നത് ഉത്തരവില്‍ വ്യക്തമല്ല. ഒരു ആന വര്‍ഷത്തില്‍ 85 പൂരം വരെയാണ് ശരാശരി എടുക്കാറുള്ളത്. ബാക്കി ദിവസങ്ങള്‍ വിശ്രമം ആണെന്നിരിക്കെ 24 മണിക്കൂര്‍ വിശ്രമം വേണമെന്നത് അപ്രായോഗികമാണ്. ആനകളുടെ ചിലവുപോലും കണ്ടെത്താന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകും – കെ ഗിരീഷ് കുമാര്‍ വിശദമാക്കി.
ആനയെഴുന്നള്ളിപ്പിനായി ആരാധനാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് ഹൈക്കോടതി മുന്നോട്ട് വച്ചത്. ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുത് എന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ഗരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.