Breaking News

ചെന്നൈയില്‍ രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ആക്രമണം അര്‍ബുദ രോഗിയായ അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച്

Spread the love

ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കലൈഞ്ജര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍ ബാലാജിക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ പെരുങ്കളത്തൂര്‍ സ്വദേശി വിഗ്‌നേഷും സുഹൃത്തും പിടിയിലായി.

ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്. ചെന്നൈ ഗിണ്ടിയിലെ കലൈഞ്ജര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കാന്‍സര്‍ വിഭാഗം ഡോക്ടറാണ് ബാലാജി. പെരുങ്കുളത്തൂര്‍ സ്വദേശി വിഗ്‌നേഷിന്റെ അമ്മയെ ചികിത്സിക്കുന്നത് ബാലാജിയാണ്. രാവിലെ ആശുപത്രിയിലെത്തിയ വിഗ്‌നേഷും മൂന്ന് സുഹൃത്തുകളും ഡോക്ടറുടെ ക്യാബിനിലേക്ക് കയറി. അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് വിഗ്‌നേഷ് ഡോക്ടറോട് തട്ടിക്കയറി. പിന്നാലെ അരയിലൊളിപ്പിച്ച കത്തിയെടുത്ത് കഴുത്തില്‍ രണ്ട് തവണ കുത്തി. ശേഷം ഡോക്ടറുടെ ടേബിള്‍ നശിപ്പിച്ചു.

ശബ്ദം കേട്ട് ക്യാബിന് പുറത്ത് ഉളളവര്‍ എത്തി ഉടന്‍ തന്നെ ഡോക്ടറെ ഐസിയുവിലേക്ക് മാറ്റി. ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആശുപത്രിയധികൃതര്‍ ചേര്‍ന്ന് പിടിച്ചുവെച്ചെങ്കിലും ആശുപത്രിപരിസരത്ത് കത്തിയുപേക്ഷിച്ച് വിഗ്‌നേഷ് രക്ഷപെട്ടിരുന്നു. പിന്നാലെ വിഗ്‌നേഷിനെയും സുഹൃത്തിനേയും പൊലീസ് പിടികൂടി. കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസ് നിഗമനം.

സര്‍ക്കാര്‍ ആശുപത്രിയിലെ ആക്രമണത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം.

You cannot copy content of this page