Breaking News

ശബരിമലയിൽ തീർത്ഥാടകർക്ക് സൗജന്യ വൈഫൈ ഒരുക്കി ബിഎസ്എൻഎൽ; ഫോണിൽ വൈഫൈ കണക്ട് ആവാൻ ഇങ്ങനെ ചെയ്യുക

Spread the love

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇ​ന്റർനെറ്റ് സംവിധാനമൊരുക്കി ബിഎസ്എൻഎൽ. ശബരിമല തീർഥാടനക്കാലത്ത് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വൈഫൈ ഹോട്ട്സ്പോട്ടുകൾ ഒരുക്കിയാണ് സേവനം ലഭ്യമാക്കുന്നത്. അരമണിക്കൂറായിരിക്കും സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുക. ദേവസ്വംബോർഡും ബി.എസ്.എൻ.എലും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പമ്പയിലും നിലയ്ക്കലും എല്ലായിടത്തും, സന്നിധാനത്ത് ശരംകുത്തി മുതലുമായിരിക്കും സൗജന്യ വൈഫൈ സേവനം ലഭിക്കുക.

ഫോണിൽ വൈഫൈ കണക്ട് ചെയ്യുമ്പോൾ കിട്ടുന്ന BSNL WiFi എന്ന അഡ്രസിൽനിന്നാണ് സേവനം കിട്ടുക. ഇത് സെലക്ട് ചെയ്യുമ്പോൾ മൊബൈൽ നമ്പരിലേക്ക് ഒ.ടി.പി. വരും. ഇത് കൊടുക്കുമ്പോഴായിരിക്കും വൈഫൈ കണക്ട് ആവുക. അരമണിക്കൂർ തീരുമ്പോൾ ഇന്റർനെറ്റ് ചാർജ് ചെയ്യാനുള്ള അവസരം നൽകും. പണം നൽകി ചാർജ്ചെയ്ത് തുടർന്ന് ഉപയോഗിക്കാം. സന്നിധാനം-22, പമ്പ-13, നിലയ്ക്കൽ-13 എന്നിങ്ങനെയാണ് വൈഫൈ ഹോട്ട് സ്‌പോട്ടുകൾ ഉണ്ടാവുക.

ബി.എസ്.എൻ.എലിന്റെ പുതിയ സംവിധാനമായ വൈഫൈ റോമിങ് ഇക്കുറി മൂന്നിടത്തും ഉണ്ടാകും. ‘സർവത്ര’ എന്ന പേരിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. വീടുകളിൽ ബി.എസ്.എൻ.എൽ. ഫൈബർ കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ശബരിമലയിൽ വൈഫൈ റോമിങ് സംവിധാനം ഉപയോഗിച്ച് വീട്ടിലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. ഇതിനായി http://portal.bnsl.in/ftth/wifiroaming എന്ന പോർട്ടലിലോ, ബി.എസ്.എൻ.എൽ. Wifi roaming എന്ന വൈഫൈ പോയിന്റിൽനിന്നോ രജിസ്റ്റർചെയ്യണം.

തീർഥാടന പാതയിൽ മൊബൈൽ കവറേജ് സുഗമമാക്കാൻ 21 മൊബൈൽ ടവറുകൾ സജ്ജമാക്കിയിട്ടുണ്ട്. സേവനങ്ങൾക്ക് 9400901010 എന്ന മൊബൈൽ നമ്പറിലോ, 18004444 എന്ന ചാറ്റ് ബോക്‌സിലോ, [email protected] എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടണമെന്ന് ബി.എസ്.എൻ.എൽ. പ്രിൻസിപ്പൽ ജനറൽ മാനേജർ കെ. സാജു ജോർജ് അറിയിച്ചു.

You cannot copy content of this page