Breaking News

വികസന സ്വപ്നങ്ങളിലേക്ക് പുത്തൻചിറക്; സി പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഇന്ന്

Spread the love

കേരളത്തിന്റെ വികസന സ്വപ്നങ്ങളിലേക്ക് പുത്തൻചിറക് വിരിച്ച് സി പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഇന്ന്. രാവിലെ 9:30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിമാനം ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചി ബോൾഗാട്ടിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ പരീക്ഷണ സർവീസ്. ജലവിമാനം ഇന്നലെ ബോൾ​ഗാട്ടി കായലിൽ എത്തിച്ചിരുന്നു.

ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ് അതിന് മുന്നോടിയായാണ് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷപറക്കൽ നാളെ നടക്കുക. ആറു മാസത്തിനകം പദ്ധതി കൊമേഴ്‌സ്യൽ ട്രാൻസ്‌പോർട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി.

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് സീപ്ലെയിൻ. വൻ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ഒടുവിൽ ഒരുതവണ കേരളം ഉപേക്ഷിച്ച പദ്ധതിയാണ് സീ പ്ലെയിൻ. അന്ന് പദ്ധതിയോട് മുഖം തിരിച്ച സിപിഐഎം ഇന്ന് സി പ്ലെയിൻ പറത്താൻ മുന്നിൽ നിൽക്കുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു സി പ്ലെയിൻ. 2013-ലാണ് പദ്ധതി അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ യാഥാർഥ്യമാക്കുന്നത്. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് പ​ദ്ധതി മുങ്ങി.

ഒന്നാം പിണറായി സർക്കാർ പദ്ധതിയോട് മുഖം തിരിച്ചെങ്കിലും രണ്ടാം പിണറായി സർക്കാരിൽ ടൂറിസം മന്ത്രിയായി മുഹമ്മദ് റിയാസ് എത്തിയതോടെ, പദ്ധതിക്ക് വീണ്ടും ചിറകുമുളച്ചു. പ്രതിഷേധക്കാരുമായി സർക്കാർ സമവായത്തിലെത്തി. മാലദ്വീപ് മാതൃകയിൽ ടൂറിസം പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

You cannot copy content of this page