Breaking News

‘തൃശൂരിൽ സുരേഷ് ഗോപി ഉറപ്പായും തോൽക്കും’ ; ഇഡിയ്ക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

Spread the love

തൃശൂർ: തൃശൂരിൽ സുരേഷ് ഗോപി ഉറപ്പായും തോക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ഡി.ക്കോ, ബി.ജെ.പി.ക്കോ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ
ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം കെട്ടിവെച്ച കാശിന്റെ ഉറപ്പിൽ മാത്രമല്ല. ഞങ്ങളുടെ കൈയിൽ കുറച്ച് കാശ് എല്ലാ കാലത്തും ഉണ്ടാകാറുണ്ട്, അത് രഹസ്യമല്ല. കേന്ദ്രത്തിന് നൽകുന്ന കണക്കിലും വ്യക്തമാക്കുന്ന കാര്യമാണ്. അതിൽ നിന്ന് ഒരുഭാഗം തിരഞ്ഞെടുപ്പിൽ ചെലവഴിക്കാറുമുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കരുവന്നൂരിലെ നിക്ഷേപകർക്ക് 117 കോടിയോളം രൂപ തിരിച്ചുനൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യക്കാർക്ക് നിക്ഷേപം തിരികെ നൽകാൻ ബാങ്ക് തയാറാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്ക് തകർന്നുപോവുകയല്ല, കൃത്യമായി ഇടപാടുകൾ നടത്തിയാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എത്രയെത്ര അഴിമതി കഥകളാണ് രാജ്യത്ത് കേൾക്കേണ്ടി വന്നത്. ബിജെപി നേതൃത്വം കൊടുക്കുന്ന സംസ്ഥാന സർക്കാർ‌ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ട്. അത് പ്രത്യേക സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ ആ സംസ്കാരമല്ല ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും ബിജെപി മുന്നണി മൂന്നാമതാവുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സംഘപരിവാറിനെ എതിർക്കുന്ന എൽഡിഎഫ് ജയിക്കണോ അതോ മൃദു സമീപനം സ്വീകരിക്കുന്ന യുഡിഎഫ് ജയിക്കണോയെന്നു ജനം തീരുമാനിക്കും. 2019ലേതിനു വിപരീത ഫലമാകും ഇത്തവണയുണ്ടാവുക. കേരള വിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിനു ജനം കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യത്തിനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ട്. ഏത് വോട്ടായാലും പോരട്ടെയെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘യുവാക്കൾ‌ക്ക് തൊഴിൽ നൽകണമെന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പതുക്കെ പിന്മാറുകയാണ്. പട്ടാളത്തിൽ പോലും സ്ഥിരം നിയമനങ്ങൾ നടക്കുന്നില്ല. വർഷം രണ്ടു കോടി പുതിയ തൊഴിൽ നൽകുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ബിജെപി വാഗ്ദാനം പാലിച്ചില്ല. കഴിഞ്ഞ 10 വർഷത്തിനിടെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ആർക്കു നൽകിയ വാഗ്ദാനമാണ്? രാജ്യത്ത് ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്കു മാത്രമാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ 10 ലക്ഷം കോടിയോളം രൂപയുടെ കോർപ്പറേറ്റ് ലോണുകളാണ് പൊതുമേഖല ബാങ്കുകൾ എഴുതിത്തള്ളിയത്. രാജ്യത്ത് ധ്രുവീകരണത്തിന് വഴിമരുന്നിടുന്ന ബിജെപി സർക്കാരിനെതിരെയുള്ള ജനവിധിയാകും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക’’– മുഖ്യമന്ത്രി പറഞ്ഞു.

പ്രകടന പത്രികയിൽ സ്വീകരിച്ച അതേ നിലപാടാണ് കേരളത്തോടും സംസ്ഥാനമെന്ന നിലയിൽ കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിപറഞ്ഞു. കടമെടുപ്പ് പരിധി വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും കേരളത്തിനു തിരിച്ചടി കിട്ടിയെന്നാണ് പ്രധാനമന്ത്രി ഇന്നലെ നടത്തിയ പ്രസംഗങ്ങളിൽ പറഞ്ഞതായി കേട്ടത്. കേരളത്തിന് തിരിച്ചടിയുണ്ടായിട്ടില്ല. വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നത് എങ്ങനെയാണ് തിരിച്ചടിയാകുക. – മുഖ്യമന്ത്രി ചോദിച്ചു.

You cannot copy content of this page