പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. ഇന്ന് മുതൽ 10 ദിവസം പ്രത്യേക പൂജകൾ നടക്കും. നവംബർ 13, 14, 15 തിയ്യതികളിലാണ് രഥോത്സവം. കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 10.15 നും 12 നും ഇടയിലായിരുന്നു കൊടിയേറ്റം. 16 രാവിലെ കൊടിയിറങ്ങും. പാലക്കാട്ടെ മൂന്ന് സ്‌ഥാനാർത്ഥികളും ചടങ്ങുകൾക്ക് സാക്ഷികളാവാൻ എത്തി.
നേരത്തെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റിയത് കൽപ്പാത്തി രഥോത്സവം കണക്കിലെടുത്തായിരുന്നു. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം വോട്ടെണ്ണൽ തിയ്യതിയിൽ മാറ്റമില്ല.